കുട്ടികൾക്ക് കാവലിരിക്കുന്ന അധ്യാപകർ

റോഡിന് നടപ്പാതയില്ല. ഇരുവശവുമുള്ള സ്ഥലമാകട്ടെ വാഹനങ്ങൾ കൈയേറുകയും ചെയ്യും. ഒട്ടേറെ വിദ്യാർഥികൾ പഠിക്കുന്ന രാമനാട്ടുകര – ഫാറൂഖ് കോളേജ് റോഡിലുള്ള ഗണപത് എ.യു.പി. സ്കൂളിനും മറുവശത്തുള്ള ഗവ. യു.പി. സ്കൂളിനും മുന്നിൽ ദിവസവുമുള്ള കാഴ്ചയാണിത്.

വാഹനങ്ങളുടെ തിരക്കും അനധികൃത പാർക്കിങ്ങും കാരണം വിദ്യാർഥികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂളിന്റെ ഗേറ്റുകടന്ന് പുറത്തേക്കു വരുന്നതു മുതലാണ് ദുരിതം തുടങ്ങുന്നത്.

ഗവ. യു.പി. സ്കൂളിന് മുന്നിൽ 20 മീറ്റർ ദൂരത്ത് മാത്രമാണ് നടപ്പാതയുള്ളത്. ഗണപത് എ.യു.പി. സ്‌കൂളിന് മുമ്പിൽ അതുമില്ല. റോഡരികിലെല്ലാം അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുമുണ്ടാവും.

സ്കൂൾ വിടുന്ന സമയത്ത് തിരക്ക് രൂക്ഷമാകുന്നതിനാൽ മണിക്കൂറുകൾ കാത്തുനിന്നാണ് വിദ്യാർഥികൾ റോഡ് മറികടക്കുന്നത്. പലവഴിക്ക് വാഹനങ്ങൾ വരുന്നതിനാൽ വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് ഇടയിലൂടെ നടക്കേണ്ട സ്ഥിതിയാണ്. ഇത് പലപ്പോഴും അപകടങ്ങൾക്കും വാക് തർക്കങ്ങൾക്കും കാരണമാവുന്നു.

വിദ്യാർത്ഥികളെ സുരക്ഷിതമാക്കാൻ എന്നും രാവിലെയും വൈകിട്ടും അധ്യാപകർ റോഡരികിൽ കാവലിരിക്കുകയാണ്. വിദ്യാർത്ഥികൾ മുഴുവൻ പോയിക്കഴിഞ്ഞശേഷമാണ് അധ്യാപകർ പോവുന്നത്. രണ്ടിടത്തുമായി 2000 കുട്ടികളാണ് പഠിക്കുന്നത്.

സ്‌കൂളിലേക്ക് വരുന്നത് പല സമയത്താണെങ്കിലും ക്ലാസ്സ്‌ കഴിഞ്ഞാൽ എല്ലാ കുട്ടികളും ഒരുമിച്ചാണ് പുറത്തേക്കു പോവുന്നത്. രാവിലെയും വൈകിട്ടും പ്രദേശത്ത് ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമായാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാനാകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഫാറൂഖ് കോളേജ് റോഡിൽ പുലരി സ്റ്റോർ വരെയാണ് നടപ്പാതയുള്ളത്. ഇത് സ്ക്കൂൾ വരെ നീട്ടുകയാണ് ശാശ്വത പരിഹാരം. പൊതുവേ ഇടുങ്ങിയ റോഡായതിനാൽ അതത്ര എളുപ്പമല്ല.

റോഡിലെ വാഹന പാർക്കിങ് പൂർണമായി നിരോധിച്ചാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും വഴിനടക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ഗവ. യു.പി. സ്കൂളിന് മുന്നിലുള്ളതുപോലെ ഗണപത് യു.പി.ക്കു മുന്നിലും ഒരുപടി ഉയർത്തി നടപ്പാത നിർമ്മിക്കണം.

spot_img

Related Articles

Latest news