ചെന്നൈ | തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ അഗ്നിബാധ. അപകടത്തില്‍ ആളപായമോ പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഡീസല്‍ കയറ്റിയ അഞ്ച് വാഗണുകള്‍ കത്തിയമര്‍ന്നു.
ഇന്ന് രാവിലെ 5.30ഓടെ ചെന്നൈയില്‍ നിന്ന് ആന്ധ്രയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തീപ്പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരക്കോണത്തിനും ചെന്നൈയ്ക്കും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ വഴിയുള്ള എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കുകയും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ജനവാസമേഖലയ്ക്ക് സമീപത്തായാണ് സംഭവമെന്നിതാല് ഇവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് റെയില്‍വേ അറിയിച്ചു. മൂന്ന് വാഗണുകള്‍ പാളം തെറ്റുകയും ഇതിനു പിന്നാലെ ഇന്ധന ചോര്‍ച്ചയുണ്ടായി തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. റെയില്‍വേയും പോലീസും പ്രദേശവാസികളുമടക്കം ഇടപെട്ട് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്.