കോഴിക്കോട്: ലിംഗനീതിയില്‍ പുതിയ അധ്യായവുമായി കെഎസ്‌ആര്‍ടിസി. ഇനി ട്രാന്‍സ് സമൂഹത്തിനും പരിഗണന. കെഎസ്‌ആര്‍ടിസിയിലെ വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ അനേകം അപേക്ഷാഫോമുകളുണ്ട്.
എന്നാല്‍ ഈ അപേക്ഷാഫോമുകളിലെല്ലാം ലിംഗഭേദം രേഖപ്പെടുത്തേണ്ട സ്ഥലത്ത് സ്ത്രീ, പുരുഷന്‍ എന്നിവ മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. എന്നാല്‍ ഇതുമാത്രം പോരെന്നും ട്രാന്‍സ് സമൂഹത്തിനും സ്ഥലം ചേര്‍ക്കണമെന്നുമാണ് കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്.
ഇനി മുതല്‍ കെഎസ്‌ആര്‍ടിസിയുടെ എല്ലാ അപേക്ഷാ ഫോമുകളിലും സ്ത്രീ, പുരുഷന്‍ എന്നിവയ്ക്കു പുറമെ ട്രാന്‍സ് ജെന്‍ഡര്‍, ട്രാന്‍സ് സ്ത്രീ, ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തു പരിഷ്‌കരിക്കാന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ഇതുപ്രകാരം അപേക്ഷാഫോമുകള്‍ പരിഷ്‌കരിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ എക്‌സി.ഡയറക്ടര്‍ ഉത്തരവു പുറത്തിറക്കുകയും ചെയ്തു.
ഒരുകാലത്ത് സ്ത്രീകളുടെ സീറ്റ് ബസ്സിന്റെ മുന്നിലാണോ പിറകിലാണോ വേണ്ടതെന്നതു സംബന്ധിച്ച് ഏറെ തര്‍ക്കങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടക്കാലത്ത് സ്ത്രീകളുടെ സീറ്റ് പിറകിലാക്കിയെങ്കിലും പിന്നീട് സീറ്റ് മുന്നില്‍ത്തന്നെ നിശ്ചയിക്കുകയും ചെയ്തിരുന്നു.
കൊച്ചിയില്‍ മെട്രോ സർവ്വീസിലും തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയുടെ ആനവണ്ടിയിലും ട്രാന്‍സ് വിഭാഗത്തിലുള്‍പ്പെട്ടവര്‍ ജോലിചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വനിതാ കണ്ടക്ടര്‍മാരും വനിതാ ഡ്രൈവര്‍മാരുമായി കെഎസ്‌ആര്‍ടിസി പില്‍ക്കാലത്ത് ഗതാഗതമേഖലയില്‍ മാറ്റത്തിനു തുടക്കമിട്ടിരുന്നു. പുതിയ തീരുമാനത്തിലൂടെ ട്രാന്‍സ് വ്യക്തികള്‍ക്ക് കെഎസ്‌ആര്‍ടിസിയിലേക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.