ജൈവകൃഷിയില് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള സംസ്ഥാന പുരസ്‌കാരം തിരുവനന്തപുരം ട്രാവന്കൂര് ടൈറ്റാനിയം പ്രൊഡക്റ്റ്‌സ് ലിമിറ്റഡിന്. മാലിന്യമുക്ത ജൈവവൈവിധ്യ പ്രകൃതി സൗഹൃദ പ്രവര്ത്തനങ്ങളിലൂടെ കൃഷി നടത്തിയതിനാണ് കൃഷി വകുപ്പിന്റെ അംഗീകാരം. 72 വര്ഷത്തോളം തരിശുകിട ഭൂമിയിലാണ് സ്ഥാപനം പച്ചക്കറിയും നെല്ലും മറ്റും സമൃദ്ധമായി വിളയിച്ചത്. തിരുവനന്തപുരം നഗരസഭയുടെ ഉറവിടമാലിന്യ സംസ്‌കരണ സംവിധാനമായ എയറോബിക് ബിന്, കിച്ചന് ബിന് എന്നിവയില്നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ചാണ് തീരദേശത്തെ മണല് കലര്ന്ന മണ്ണില് കൃഷി ചെയ്തത്. പത്തേക്കറിലായി ചേനയും, ചേമ്പും, വാഴയും, കൂവയും, ഇഞ്ചിയും, മഞ്ഞളും ഉള്പ്പെടെ വിവിധയിനം പച്ചക്കറികളും മത്സ്യകൃഷിയും കരനെല്കൃഷിയും ചെയ്തു. ഒരു വര്ഷം പരീക്ഷണാടിസ്ഥാനത്തില് നടത്തിയ കൃഷി വിജയകരമായതോടെ വ്യാപിപ്പിക്കുകയായിരുന്നു. വിവിധയിനം ഫലവൃക്ഷങ്ങള് ജൈവ വേലിയായി നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നുണ്ട്. സ്ഥാപനത്തില് നടത്തിയ മത്സ്യകൃഷിയും വന് വിജയമായിരുന്നു. അടുത്ത ഘട്ടത്തില് നൂറിനം മാവുകള് ഉള്ള മാന്തോപ്പും കശുവണ്ടിത്തോട്ടവും 10 സെന്റില് നൂതനരീതിയിലുള്ള മിയാവാക്കി വനവും നിര്മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രാവന്കൂര് ടൈറ്റാനിയം പ്രോഡക്റ്റ്‌സ് ലിമിറ്റഡ്