കോഴിക്കോട്- ഗൾഫിലേക്കുള്ള യാത്രാ വിലക്കിൽ ഉഴലുന്ന പ്രവാസികൾക്ക് സംഭവിക്കുന്നത് വൻ ധനനഷ്ടം. വിവിധ രാജ്യങ്ങൾ വഴി സൗദി, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്കാണ് ദുരിതം. ആഫ്രിക്കൻ രാജ്യങ്ങൾ വഴിയും മറ്റും ഗൾഫിലേക്ക് പോകുന്നവർക്കാണ് പണം നഷ്ടമാകുന്നത്. അർമീനിയ, എത്യോപ്യ എന്നീ രാജ്യങ്ങൾ വഴി സൗദിയിലേക്ക് പോകാൻ പണം നൽകിയവരും പ്രതിസന്ധിയിലായി. ഒന്നര ലക്ഷത്തോളം രൂപയാണ് ഈ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പോകാനായി പലരും നൽകിയത്. എന്നാൽ എത്യോപയിലെ തെരഞ്ഞെടുപ്പും മറ്റു സഹചര്യങ്ങളും കാരണം അവിടേക്ക് വിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തലാക്കി. ഇതോടെ നേരത്തെ പണം നൽകിയവരടക്കം വെട്ടിലായി. പ്രാഥമിക പ്രവർത്തനങ്ങൾക്ക് പണം ചെലവഴിച്ചുവെന്നും തിരികെ ലഭിക്കുന്ന കാര്യത്തിൽ ഉറപ്പു പറയാനാകില്ലെന്നുമാണ് ട്രാവൽ അധികൃതരുടെ നിലപാട്. കരിപ്പൂർ വിമാനതാവളത്തിൽനിന്നടക്കം പ്രവാസികൾക്ക് തിരികെ പോകേണ്ടി വന്നു. ഓൺ അറൈവൽ വിസ സംവിധാനം പെട്ടെന്ന് നിർത്തലാക്കിയതോടെയാണ് തിരിച്ചു പോകേണ്ടി വന്നത്.
സൗദിക്ക് പുറമെ, യു.എ.ഇയും ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നേരിട്ട് വരാനുള്ള അനുമതി അവസാനിപ്പിച്ചതോടെയാണ് പ്രവാസികൾ മറ്റു വഴികൾ തെരഞ്ഞെടുക്കാൻ തുടങ്ങിയത്. നിലവിൽ അസർബൈജാൻ വഴിയാണ് ഭൂരിഭാഗം പ്രവാസികളും സൗദിയിലേക്ക് മടങ്ങുന്നത്. അസർബൈജാനിലും കോവിഡ് കൂടി വരുന്ന സഹചര്യത്തിൽ ഈ വഴിയും ഏത് നിമിഷവും അവസാനിച്ചേക്കുമെന്ന ആശങ്കയുണ്ട്.
അർമേനിയ വഴിയുള്ള യാത്രയ്ക്ക് ഒരുങ്ങിയവരുടെയും പണം ഇത്തരത്തിൽ നഷ്ടമായിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ഈ രാജ്യങ്ങളിലേക്ക് ചുരുക്കം വിമാന സർവീസുകൾ മാത്രമാണുള്ളത്. അതാത് രാജ്യങ്ങളിലെ സർക്കാറുകൾ പുറത്തിറക്കുന്ന പുതിയ നിയമങ്ങൾ അനുസരിച്ച് ഏത് നിമിഷവും യാത്ര മുടങ്ങിയേക്കും. പണം ഈടാക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ട്രാവൽ ഏജൻസികൾ വ്യക്തമാക്കാറുണ്ട്.
അതിനിടെ, സൗദി പ്രവാസികൾ മടങ്ങാൻ നേരത്തെ തെരഞ്ഞെടുത്തിരുന്ന മാലി ഈ മാസം പതിനഞ്ച് മുതൽ ടൂറിസം വിസ അനുവദിച്ചു തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മാലി ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, നേരത്തെ അനുവദിച്ചിരുന്ന പോലെ പതിനാല് ദിവസത്തെ ക്വാറന്റീന് സൗകര്യത്തോടെയുള്ള ഇടത്താവളം എന്ന നിലയിൽ മാലി വീണ്ടും വിസ അനുവദിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ടൂറിസ്റ്റുകളെ മാത്രമേ അനുവദിക്കൂ എന്നാണ് അറിയിപ്പെന്ന് ചില ട്രാവൽ ഏജൻസികൾ പറയുന്നു.
.