കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ; യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ന്യൂഡൽഹി: കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതിനു പിന്നാലെ പുത്തൻ യാത്രാ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. പുതുതായി കണ്ടെത്തിയ ഈ രണ്ടു വകഭേദങ്ങൾക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്.

യു.കെ. യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർ ഒഴികെയുള്ള യാത്രക്കാർക്കാണ് പുതിയ നിർദേശം ബാധകമാവുക. അതേസമയം, യു.കെ. യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്.

കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കൻ വകഭേദം നാലു പേരിലും ബ്രസീലിയൻ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചിട്ടുണ്ട്. അതേസമയം വൈറസിന്റെ യു.കെ. വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

പുതിയ മാർഗനിർദേശ പ്രകാരം, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിൽ നെഗറ്റീവ് ആയവർക്കു മാത്രമേ വിമാനത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. അതേസമയം, കുടുംബത്തിൽ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവരെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ, യാത്രയ്ക്ക് മുൻപ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. കൂടാതെ ആർ.ടി.പി.സി.ആർ. ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന റിപ്പോർട്ടും അപ്ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്ലോഡ് ചെയ്യുന്നതെങ്കിൽ, അത് ക്രിമിനൽ കുറ്റമായി പരിഗണിക്കാൻ സാധ്യതയുണ്ട്.

യു.കെ., യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവർ, ഇവിടെ എത്തിയതിനു ശേഷം സ്വന്തം ചിലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യണം. ഇത് നിർബന്ധമാണ്. സൗത്ത് ആഫ്രിക്കയിൽനിന്നും ബ്രസീലിൽനിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ, ഈ രണ്ടുരാജ്യങ്ങളിൽനിന്നുമുള്ളവർ മേൽപ്പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടും.

spot_img

Related Articles

Latest news