സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്‍റെ ചികിത്സ കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ തുടങ്ങി. അമേരിക്കയിൽ നിന്നെത്തിച്ച 18 കോടി രൂപ വിലയുള്ള സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു.
നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് മുഹമ്മദ്. അസ്ഥികൾ ശോഷിക്കുന്ന അസുഖത്തിന് രണ്ട് വയസിനുള്ളിൽ ചികിത്സ പൂർത്തിയാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
മുഹമ്മദിൻ്റെ കഥ മാധ്യമങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹ മാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിംഗ് വഴി കോടികളാണ് സഹായമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.