തിരുവനന്തപുരം:തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയിൽ ഇന്ന് തുടങ്ങും. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ആറു പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ആറ് പ്രതികളും ഹാജരാകില്ല.
വിടുതൽ ഹർജി തള്ളിയ വിചാരണകോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് ഇത്. ഹൈക്കോടതിയിൽ അപ്പീൽ നൽകിയ കാര്യം പ്രതികളുടെ അഭിഭാഷകർ കോടതിയെ അറിയിക്കും. കേസിൽ കോടതി ഇനി എന്ത് പരാമർശം നടത്തുമെന്നതടക്കം പ്രധാനമാണ്.
മുന്‍ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ വിചാരണ നേരിടാന്‍ പോകുന്നത്. വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍ എന്നിവരാണ് പ്രതികള്‍.
കേസ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി രൂക്ഷവിമര്‍ശനത്തോടെ തള്ളിയിരുന്നു. ആദ്യം തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. ഇതിന്റെ അപ്പീല്‍ തള്ളിയ സുപ്രീ കോടതി വിചാരണ നടത്താന്‍ നിര്‍ദേശിച്ചു.
ഇതിന് പിന്നാലെ പ്രതികള്‍ അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി വിടുതല്‍ ഹര്‍ജികള്‍ നല്‍കി. പ്രധാന തെളിവായ ദൃശ്യങ്ങളുടെ ആധികാരികതെയ ചോദ്യം ചെയ്ത പ്രതികള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചില നേതാക്കളെ മാത്രം തെരെഞ്ഞു പിടിച്ച് പ്രതിയാക്കിയതാണെന്നും ഹര്‍ജികളില്‍ ആരോപിച്ചു.
എന്നാല്‍ മാതൃകയാകേണ്ട ജനപ്രതികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തികളാണ് നിയമസഭയില്‍ നടന്നതെന്നും പ്രതികള്‍ വിചാരണ നേരിടാനുമായിരുന്നു വിടുതല്‍ ഹര്‍ജികള്‍ തള്ളിയുള്ള സിജെഎമ്മിന്റെ ഉത്തരവ്.