കണ്ണൂര്‍: ഓണ്‍ലൈന്‍ ക്ലാസിന് സമയമാകുമ്പോള്‍ പന്നിയോട്ടെ ആദിവാസി കുരുന്നുകള്‍ രക്ഷിതാക്കളെയും കൂട്ടി വനത്തിനുള്ളിലേക്ക് നീങ്ങും. അവിടെ മരത്തിന് മുകളില്‍ കെട്ടിയ ഏറുമാടത്തിലേക്ക് കയറും. അവിടെനിന്നാണ് പഠനം. കാരണം മരത്തിന് മുകളില്‍ കയറിയാല്‍ മാത്രമേ മൊബൈല്‍ റേഞ്ച് ലഭ്യമാകൂ. റേഞ്ച് ലഭ്യമാകാത്തതിനാല്‍ വീടുകളിലിരുന്നുള്ള പഠനം ഇവര്‍ക്ക് അന്യമാവുകയാണ്.
കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്നിയോട് പ്രദേശത്തെ ആദിവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം കഠിനമാകുന്നത്. കണ്ണവം വനമേഖലയോട് ചേര്‍ന്ന ആദിവാസി മേഖലയാണ് പന്നിയോട്. രാവിലെ മുതല്‍, വനത്തില്‍ റേഞ്ച് ലഭ്യമാകുന്ന പ്രദേശം അന്വേഷിച്ചാണ് കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടില്‍നിന്ന് ഇറങ്ങുന്നത്.
വനത്തില്‍ പോകുന്നതാകട്ടെ അതിദുര്‍ഘട പാതയിലൂടെയും. കോളനിയിലെ അമ്പതോളം കുട്ടികള്‍ക്കാണ് ഈ ദുരിതം. റേഞ്ച് കിട്ടാനായി നിരവധി ഏറുമാടങ്ങളാണ് മരത്തില്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നത്. ചിലരുടെ പഠനംതന്നെ മരത്തിനുമുകളിലാണ്. വനത്തിനുള്ളിലായാലും ചിലപ്പോള്‍ റേഞ്ച് കിട്ടാറില്ല.
വന്യമൃഗശല്യം രൂക്ഷമായതിനാല്‍, രക്ഷിതാക്കള്‍ ജോലിക്കുപോലും പോകാതെ കുട്ടികളുടെ പഠനത്തിന് കാവലിരിക്കേണ്ട അവസ്ഥയാണ്. മഴ കനത്താല്‍ വനത്തില്‍ പോകാന്‍ കഴിയാതെ പഠനം പൂര്‍ണമായും മുടങ്ങും.