കഴിഞ്ഞ ദിവസം ലഡാക്കിൽ വെച്ച് മരണപ്പെട്ട ഇന്ത്യൻ സൈന്യത്തിലെ പോസ്റ്റൽ ഗാർഡ് കുനിയിൽ കൊടവങ്ങാട് സ്വദേശി നുഫൈൽ കോലോത്തും തൊടിയുടെ ഭൗതികശരീരം രാത്രിയിൽ സൈനികരുടെ അകമ്പടിയോടെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തി.
കരിപ്പൂരിൽ എത്തിയ ഭൗതിക ശരീരം ഇന്ന് രാത്രി തൊട്ടടുത്തുള്ള ഹജ്ജ് ഹൗസിൽ വെച്ചതിന് ശേഷം നാളെ ഞായറാഴ്ച രാവിലെ എഴു മണിക്ക് വിലാപ യാത്രയായി ജന്മനാട്ടിലേക്ക് കൊണ്ട് പോകും. അവിടെ നിന്നും രാവിലെ 8 മണിക്ക് വീടിന്റെ പരിസരത്ത് ഒരുക്കിയിട്ടുള്ള ഗ്രൗണ്ടിൽ പൊതു ദർശനത്തിനായി വെക്കും.
പൊതുദർശനത്തിന് ശേഷം ഔദ്യാഗിക ബഹുമതികളോടെ കുനിയിൽ ഇരിപ്പാൻ കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.
ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് പോയത്. വ്യാഴാഴ്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയായിരുന്നു മരണം. ശ്വാസതടസ്സം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പോകുകയാണെന്ന് ഭാര്യയെ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു നുഫൈല്‍. എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുൻപാണ് ലഡാക്കിലെത്തിയത്. ഹയര്‍സെക്കന്‍ഡറി വരെ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിലായിരുന്നു പഠനം.
പിതാവ് പരേതനായ മുഹമ്മദ് കോലൊത്തും തൊടി. മാതാവ് ആമിന.സഹോദരങ്ങൾ,അബ്ദുൽ ഗഫൂർ,ശിഹാബുദ്ധീൻ,സലീന,ഫൗസിയ,ജസ്ന