റിയാദ്: തിരുവനന്തപുരം–സൗദി വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ ഗാകാ (GACA)യും സൗദി എയർലൈൻസ് അധികൃതരുമായും ചർച്ച നടത്തി. യോഗത്തിൽ സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിഗണിച്ചു.
ചർച്ചയിൽ, ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ സർവീസുകൾ പുനരാരംഭിക്കാൻ സന്നദ്ധമാണെന്ന് ഗാകയും എയർലൈൻസ് പ്രതിനിധികളും അറിയിച്ചതായി ഫോറം അറിയിച്ചു.
പാസഞ്ചേഴ്സ് ഫോറത്തെ പ്രതിനിധീകരിച്ച് ചെയർമാൻ ഡോ. അബ്ദുൽ അസീസ്, രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, മീഡിയ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം എന്നിവർ പങ്കെടുത്തു. തമിഴ് സമൂഹത്തെ പ്രതിനിധീകരിച്ച് ഇംതിയാസ് അഹമ്മദ് യോഗത്തിൽ പങ്കാളിയായി.
ഗാകാ പ്രസിഡൻ്റ് ഹിസ് എക്സലൻസി അബ്ദുൽ അസീസ് ബിൻ അബ്ദുള്ള അൽ സുലൈജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗാകാ ഉദ്യോഗസ്ഥരും സൗദി എയർലൈൻസ് ഡയറക്ടർ എഞ്ചിനീയർ ഇബ്രാഹിം അൽ ഒമർ, മോസായിദ് അൽ മോസായിദ് എന്നിവരുള്പ്പെടെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും സംബന്ധിച്ചു.
തിരുവനന്തപുരം–സൗദി സർവീസുകളുടെ പ്രാധാന്യം ചർച്ചയിൽ ഉയർത്തിക്കാട്ടുകയും, പ്രവാസി സമൂഹത്തിന് ഇത് നൽകുന്ന സൗകര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.
റിയാദ് ഇന്ത്യൻ എംബസിയിൽ നടന്ന മീറ്റിംഗിൽ, പാസഞ്ചേഴ്സ് ഫോറം സൗദിയിലെ ഇന്ത്യൻ അംബാസഡർ മുഖേന കേന്ദ്ര സിവിൽ എവിയേഷൻ മന്ത്രിക്ക് സമർപ്പിച്ച നിവേദനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൗൺസിലർ വൈ. സബീറുമായി ചർച്ച നടത്തി. ചർച്ചയിൽ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, രക്ഷാധികാരി ശിഹാബ് കൊട്ടുകാട് എന്നിവർ പങ്കെടുത്തു. കൗൺസിലറിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹകരണവും ഉറപ്പുനൽകി.
ഇതിനോടനുബന്ധിച്ച് ആറ്റിങ്ങൽ എം.പി അഡ്വ. അടൂർ പ്രകാശ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് പാസഞ്ചേഴ്സ് ഫോറത്തിന്റെ നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഗാകയും സൗദി എയർലൈൻസും ഫ്ലൈനാസും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫോറം. ഇതിനോടനുബന്ധിച്ച് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചകളുടെ വിശദാംശങ്ങൾ വിശദീകരിച്ചു. യോഗം ചർച്ചകളിൽ സംതൃപ്തി രേഖപ്പെടുത്തി.ഓൺലൈനിൽ കൂടിയ യോഗത്തിൽ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.
പാസഞ്ചേഴ്സ് ഫോറത്തിൽ ഇതിനകം തന്നെ 1500-ലധികം അംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഓൺലൈൻ വഴി കൂടുതൽ പേർ ചേർന്ന് വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു.

