റിയാദ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദിയിലെത്തി. റിയാദിൽ സൗദി കിരിടാവകാശി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്.റിയാദിലെ സൗദി-യുഎസ് നിക്ഷേപ ഫോറത്തില്‍ പങ്കെടുക്കുന്ന ട്രംപ്, ഖത്തറിലും യുഎഇയിലും സന്ദര്‍ശനം നടത്തും.
മിഡില്‍ ഈസ്റ്റ് സന്ദർശനത്തിന്‍റെ ഭാഗമായി സൗദിയിലെത്തിയ അമേരിക്കൻ പ്രസിഡന്ര് ഡോണള്‍ഡ് ട്രംപിന് വൻ സ്വീകരണമാണ് സൗദി ഒരുക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ നേരിട്ടെത്തിയാണ് അമേരിക്കൻ പ്രസിഡന്‍റിനെ സ്വീകരിച്ചത്. വമ്പൻ വ്യാവസായിക പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയുള്ള സൗദി- അമേരിക്ക നിക്ഷേപക സംഗമം ഇന്ന് നടക്കും. ബഹ്റൈൻ, ഒമാൻ, കുവൈത്ത് രാഷ്ട്രനേതാക്കളെ സൗദി ക്ഷണിച്ചിട്ടുണ്ട്. യുഎഇയിലും ഖത്തറിലും ഡോണള്‍ഡ് ട്രംപ് സന്ദർശിക്കുന്നുമുണ്ട്. അതേസമയം, ഇസ്രയേല്‍ സന്ദർശിക്കാതെ മടങ്ങുന്നതും ചർച്ചയാണ്. പലസ്തീൻ സംബന്ധിച്ച് നിർണായക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതകളെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടാം തവണ അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റതിനുശേഷം തന്‍റെ ആദ്യ വിദേശയാത്ര സൗദി അറേബ്യയിലായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എട്ടുവർഷം മുമ്ബ് പ്രസിഡൻറ് എന്ന നിലയില്‍ തന്‍റെ ആദ്യ വിദേശസന്ദർശനത്തിനും തെരഞ്ഞെടുത്തത് റിയാദിനെയായിരുന്നു. യുഎസ് പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപിന്‍റെ സൗദിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാന്‍റെ അധ്യക്ഷതയില്‍ ചേർന്ന സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.