അങ്കാറ:തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തിങ്കളാഴ്ചയുണ്ടായ മൂന്ന് ശക്തമായ ഭൂകമ്ബങ്ങളില്‍ മൂവായിരത്തിഒരുന്നൂറോളം ആളുകള്‍ മരിച്ചു.
തുര്‍ക്കിയിലെ ഗസിയന്റെപ് കേന്ദ്രമായി തിങ്കള്‍ പുലര്‍ച്ചെ 4.17നാണ് റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ആദ്യ ഭൂകമ്ബം ഉണ്ടായത്. കെയ്റോവരെ അതിന്റെ പ്രകമ്ബനമുണ്ടായി. ഗസിയെന്റെപില്‍നിന്ന് 33 കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍നിന്ന് 18 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവസ്ഥാനം. ഇതിന് 100 കിലോമീറ്റര്‍ അകലെ പ്രാദേശിക സമയം പകല്‍ 1.30നാണ് (ഇന്ത്യന്‍ സമയം വെെകിട്ട് നാല്) രണ്ടാമത്തെ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തി. ഉച്ചയ്ക്കുശേഷമാണ് മൂന്നാമത്തെ ഭൂകമ്ബം ഉണ്ടായത്. തീവ്രത ആറ്.
തുര്‍ക്കിയില്‍മാത്രം ആയിരത്തിലധികം മരണം. 5300 പേര്‍ക്ക് പരിക്കേറ്റു. സിറിയയില്‍ തിങ്കള്‍ വൈകിട്ടുവരെ തൊള്ളായിരം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ 2000. പുറത്തുവരുന്ന നാശനഷ്ടവിവരങ്ങള്‍ അധികവും ആദ്യ ഭൂകമ്ബത്തിന്റേതാണ്. മറ്റ് വിവരം കൂടി പുറത്തുവരുമ്ബോള്‍ മരണസംഖ്യയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജെബ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. പുലര്‍ച്ചെയുണ്ടായ ഭൂകമ്ബത്തില്‍ ഇരു രാജ്യങ്ങളിലുമായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. ഉറങ്ങിക്കിടന്ന ആയിരക്കണക്കിന് ആളുകള്‍ കെട്ടിടങ്ങള്‍ക്ക് അടിയിലായി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തബാധിത മേഖലയില്‍നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മഞ്ഞും മഴയും കടുത്ത തണുപ്പുമുള്ള കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കി. പത്ത് പ്രവിശ്യകളിലായി തുര്‍ക്കിയിലെ അഡന, ദിയാര്‍ബകിര്‍ ഉള്‍പ്പെടെയുള്ള മേഖലകളാണ് വലിയതോതില്‍ ബാധിക്കപ്പെട്ടത്. ഇസ്കെന്ദെരുണില്‍ ആശുപത്രി തകര്‍ന്നുവീണു. ഗസിയെന്റെപിലെ പ്രസിദ്ധമായ കൊട്ടാരത്തിനും വലിയ കേടുപാടുണ്ടായി.സിറിയയിലും വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍നിന്നായി രോഗികളെയും നവജാതശിശുക്കളെയുമടക്കം സുരക്ഷിത ഇടത്തേക്ക് മാറ്റേണ്ടിവന്നു. അലെപ്പൊ, ഹമാ, അസ്മരിന്‍ തുടങ്ങിയ നഗരങ്ങളിലും വന്‍നാശമുണ്ടായി. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് മേഖലയാണ് ഏറ്റവും കൂടുതല് നാശമുണ്ടായത്. ഇവിടെമാത്രം ഇരുനൂറിലധികം മരണം സ്ഥിരീകരിച്ചു. ബോംബാക്രമണത്തില്‍ നേരത്തേതന്നെ കേടുപാടുണ്ടായ കെട്ടിടങ്ങളാണ് മേഖലയില്‍ അധികവും. ഭൂകമ്ബങ്ങളും തുടര്‍ചലനങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് മേഖലയിലെ പരിമിതമായ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ഭൂകമ്ബസാധ്യതാ മേഖലയാണ് ഇപ്പോള്‍ ദുരന്തമുണ്ടായ പ്രദേശം. 1999ല്‍ വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്ബങ്ങളില്‍ 18,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളും നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയും അടിയന്തര സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ശക്തമായ മൂന്ന് ഭൂകമ്ബത്തിനിടെ മേഖലയില്‍ അനുഭവപ്പെട്ടത് 50 ലധികം തുടര്‍ചലനങ്ങള്‍. പ്രധാന റോഡുകളെ മഞ്ഞുമൂടിയത് തുടക്കംമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ഭൂകമ്ബ പ്രദേശത്തെ മൂന്ന് പ്രധാന വിമാനത്താവളം പ്രവര്‍ത്തന രഹിതമായതും ദുരിതാശ്വാസമെത്തുന്നത് വൈകിച്ചു.കഹ്റാമന്‍മാറസിനും ഗാസിയാന്‍ന്റെപ്പിനും ഇടയിലുള്ള ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്താണ് ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. മുന്‍കരുതലെന്ന നിലയില്‍ പ്രദേശത്തെ പ്രകൃതിവാതകവും വൈദ്യുതി വിതരണവും ഉദ്യോഗസ്ഥര്‍ വിച്ഛേദിക്കുകയും രണ്ടാഴ്ചത്തേക്ക് സ്കൂളുകള്‍ അടയ്ക്കുകയും ചെയ്തു.
മാള്‍ട്ടായ പ്രവിശ്യയില്‍ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തമായ മസ്ജിദ് ഭാഗികമായി തകര്‍ന്നു, അവിടെ 92 ആളുകള്‍ താമസിച്ചിരുന്ന 28 അപ്പാര്‍ട്ടുമെന്റുകളുള്ള 14 നില കെട്ടിടവും തകര്‍ന്നു. ഗാസിയാന്‍ടെപ്പില്‍ റോമന്‍ സൈന്യം നിര്‍മിച്ച 2,200 വര്‍ഷം പഴക്കമുള്ള ഒരു കുന്നിന്‍ മുകളിലെ കോട്ട തകര്‍ന്നതിന്റെ ദൃശ്യവും പുറത്തുവന്നു. റഷ്യ നാവിക സൈനികര്‍ ഉപയോഗിക്കുന്ന സിറിയന്‍ മേഖലയിലെ അലപ്പോ, ലതാകിയ, ഹമ, ടാര്‍ട്ടസ് എന്നീ പ്രവിശ്യകളില്‍ വന്‍ നാശനഷ്ടമുണ്ടായതായി സിറിയന്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.