തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘമാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഓഫീസിന് നേരെ കല്ലേറുണ്ടായതായി ഓഫീസ് ജീവനക്കാർ ആരോപിക്കുന്നു. കല്ലേറിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കല്ലെറിഞ്ഞ ശേഷം അക്രമികള്‍ മേട്ടുക്കട ഭാഗത്തേയ്ക്ക് പോയെന്നാണ് ജീവനക്കാര്‍ പറയുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പില്‍ കാവലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ അക്രമികള്‍ക്ക് പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സിപിഎം നേതാക്കളും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ കാറിന്റെ ചില്ലുകളാണ് തകർന്നത്. മൂന്ന് ബൈക്കുകളിലായി 6 പേരടങ്ങിയ സംഘമാണ് എത്തിയതെന്നാണ് സൂചന. ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ ഇവർ ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചതായാണ് വിവരം. അതേസമയം ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആരോപിച്ചു. വഞ്ചിയൂർ സംഘർഷത്തിന് തുടർച്ചയാണ് ആക്രമണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി രണ്ട് മാസം പിന്നിടുമ്പോഴാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. എകെജി സെന്റർ ആക്രമണക്കേസിലെ പ്രതികളെ ഇതുവരെ പിടികൂടാൻ കഴിയാത്തത് സർക്കാരിനും പാർട്ടിക്കും തലവേദനയാണ്. സിപിഎം നേതൃത്വം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എകെജി സെന്ററിലേക്ക് പടക്കമെറിയുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല. നഗരത്തിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നെങ്കിലും പ്രതിയെക്കുറിച്ച് മാത്രം സൂചന ലഭിച്ചില്ല.