യുഎഇയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ് എ, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയത്തെ യുഎഇ അറിയിച്ചു.വിവരം ഇവരുടെ കുടുംബത്തെ അറിയിച്ചെന്നും സംസ്കാരത്തില്‍ പങ്കെടുക്കാൻ സൗകര്യം ഒരുക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍. രണ്ട് പേരെയും കൊലപാതക കുറ്റത്തിനാണ് വധശിക്ഷയ്ക്ക് വിധിച്ചത്. യുഎഇ പൗരനെ വധിച്ചെന്നായിരുന്നു മുഹമ്മദ് റിനാഷിനെതിരെയുള്ള കേസ്. മുരളീധരൻ ഇന്ത്യൻ പൗരനെ വധിച്ചതിനാണ് വിചാരണ നേരിട്ടത്. സാധ്യമായ എല്ലാ നിയമ സഹായവും നല്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.
സ്വന്തം ജീവൻ അപകടത്തില്‍പ്പെടുമെന്ന അവസ്ഥയെ ചെറുക്കുന്നതിനിടെ മാനസിക വിഭ്രാന്തിയുള്ള അറബ് വംശജൻ കൊല്ലപ്പെട്ട സംഭവത്തിലാണ് തലശേരി നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് റിനാഷിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ദുബായ് അല്‍ ഐനില്‍ ട്രാവല്‍ ഏജൻസിയില്‍ ജോലിക്കാരനായിരുന്നു റിനാഷ്. ഏജൻസി ഉടമയായ അറബി ആവശ്യപ്പെട്ടതനുസരിച്ച് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മാനസിക വിഭ്രാന്തിയുള്ള ബന്ധു ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മുറിവേറ്റ റിനാഷ് രക്ഷപ്പെടാൻ മല്‍പ്പിടിത്തം നടത്തുന്നതിനിടയില്‍ അബദ്ധത്തില്‍ കത്തി ശരീരത്തില്‍ കുത്തിക്കയറിയാണ് യുഎഇ പൗരൻ മരിച്ചത്. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കികിട്ടാൻ ഇന്ത്യൻ എംബസി വഴി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഫെബ്രുവരി 15ന് നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യുപി സ്വദേശിനി ഷെഹ്സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 28നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്ത്യന്‍ എംബസിക്ക് ലഭിക്കുന്നത്. ഷഹസാദിയുടെ മൃതദേഹം നാട്ടിലേക്ക് അയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം വഴി കുടുംബം യുഎഇയോട് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 3 മണിക്ക് ഷഹ്സാദി ഖാൻ്റെ സംസ്കാരം യുഎയില്‍ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്കാരം മാറ്റി വെച്ചു എന്ന വിവരം പിന്നീട് കുടുംബത്തിന് ലഭിച്ചു. സംസ്കാരം മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം.
വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രാജ്യമാണ് യുഎഇ. യുഎഇയില്‍ 29 ഇന്ത്യക്കാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിഞ്ഞിരുന്നു. ആകെ 54 ഇന്ത്യക്കാര്‍ വിദേശ കോടതികള്‍ വധശിക്ഷ വിധിച്ച് ജയിലുകളില്‍ കഴിയുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.