ആലപ്പുഴ: സി പി എം നേതാവും കായംകുളം എം എല്‍ എയുമായ യു പ്രതിഭയുടെ മകൻ കനിവ് (21) കഞ്ചാവുമായി പിടിയിലായി. കനിവ് ഉള്‍പ്പടെ ഒൻപത് പേർ കഞ്ചാവ് വലിക്കുന്നതിനും മദ്യപിക്കുന്നതിനുമിടയില്‍ കുട്ടനാട് എക്സൈസ് സ്ക്വാഡിന്റെ പിടിയിലായത്.യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയില്‍ എത്തിയത്. മൂന്നു ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേ സമയം തന്റെ മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത തെറ്റിദ്ധാരണാ ജനകമാണെന്ന് യു പ്രതിഭ എം.എൽ.എ. മകനെയും സുഹൃത്തുക്കളെയും മുപ്പതു ഗ്രാം കഞ്ചാവുമായി പിടികൂടിയെന്ന് ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും യു പ്രതിഭ പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഏറ്റവും കൂടുതൽ ക്യാംപയിൻ നടത്തുന്ന ഒരാളാണ് ഞാൻ. അങ്ങിനെയുള്ള എനിക്കെതിരെ വാർത്ത കൊടുക്കുമ്പോൾ ചിലർക്ക് ചാരിതാർഥ്യമുണ്ടാകും. മാംസദാഹികളും രക്തമോഹികളുമാണ് വ്യാജ വാർത്തക്ക് പിന്നിലെന്നും യു. പ്രതിഭ എം.എൽ.എ ആരോപിച്ചു. പ്രതിഭ മകനോടൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് ചില മാധ്യമങ്ങളെയടക്കം പേരെടുത്ത് പറഞ്ഞു കൊണ്ട് വിമർഷിച്ചത്.