ദുബൈ: രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ അമുസ്ലിങ്ങള്‍ക്ക് വ്യക്തിനിയമം അനുവദിച്ച് യു.എ.ഇ. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളില്‍ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറല്‍ നിയമം അടുത്ത വര്‍ഷം ഫെബ്രുവരി മുതലാണ് നിലവില്‍ വരിക.
വിവാഹകരാറുകള്‍ നിയമപരമാക്കാനും കോടതിക്ക് മുമ്ബില്‍ ഹാജരായി വിവാഹമോചനം തേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും. വിവാഹ മോചനത്തിന് ശേഷമുള്ള സാമ്ബത്തിക തര്‍ക്കങ്ങള്‍, കുട്ടികളുടെ സംരക്ഷണം, മരണശേഷമുള്ള അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്രട മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോടതികള്‍ വിധി പ്രസ്താവിക്കുക. 2021 നവംബര്‍ മുതല്‍ അബൂദബി എമിറേറ്റില്‍ നടപ്പിലാക്കിയ നിയമമാണ് ഫെബ്രുവരി മുതല്‍ രാജ്യത്തെ ഫെഡറല്‍ നിമമായി മാറുന്നത്.
ലോകമെമ്ബാടുമുള്ള പ്രതിഭകളെ ആകര്‍ഷികുന്നതിന് നടപ്പിലാക്കുന്ന വിവിധ നടപടികളുടെ ഭാഗമായും നിയമസംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമാണ് പരിഷ്കരണം നടപ്പിലാക്കുന്നത്. അതേസമയം ഈ നിയമമല്ലാത്ത രാജ്യം അംഗീകരിച്ച മറ്റു നിയമങ്ങളിലെ വ്യവസ്ഥകളനുസരിച്ചും വ്യക്തി, കുടുംബ കാര്യങ്ങളില്‍ തീര്‍പ്പിലെത്താന്‍ അനുവാദമുണ്ടായിരിക്കും.