ദുബൈ: യുഎഇയിലെ പള്ളികളില്‍ നാളെ മുതല്‍ ജുമുഅ നിസ്കാരത്തിന്റെ സമയത്തില്‍ മാറ്റം. ഇസ്ലാമിക് അഫയേഴ്സ് ആന്റ് ഔഖാഫ് അതോറിറ്റിയാണ് സമയ മാറ്റം പ്രഖ്യാപിച്ചത്.
നാളെ മുതലാണ് പുതിയ സമയം നിലവില്‍ വരുന്നത്. ഇനി മുതല്‍ ജുമുഅ നിസ്കാരം ഉച്ചയ്ക്ക് 12.45-നായിരിക്കും നടക്കുക. നിലവിലെ സമയത്തേക്കാള്‍ 30 മിനിറ്റ് മുൻപേ നിസ്കാരം ആരംഭിക്കും. വിശ്വാസികള്‍ കൃത്യസമയത്ത് പള്ളികളില്‍ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക പേജിലൂടെയാണ് ഈ അറിയിപ്പ് പുറത്തുവിട്ടത്.
നേരത്തെ 2022-ലാണ് ജുമുഅ നിസ്കാരം സമയം 1.15-ലേക്ക് മാറ്റിയത്. സർക്കാർ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വന്നപ്പോഴായിരുന്നു ഈ പരിഷ്കാരം. അന്ന് വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിയിരുന്നു. പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച പകുതി ദിവസം ജോലി നല്‍കിയിരുന്നു. പ്രാർത്ഥനകളില്‍ പങ്കെടുക്കാൻ സൗകര്യമൊരുക്കാനായിരുന്നു ഈ നടപടി. പല സ്വകാര്യ കമ്പനികളും ഈ രീതി പിന്തുടരുന്നുണ്ട്.
ചില സ്ഥാപനങ്ങള്‍ വെള്ളിയാഴ്ചകളില്‍ വർക്ക് ഫ്രം ഹോം അനുവദിക്കാറുണ്ട്. ജീവനക്കാർക്ക് ജുമുഅ നിസ്കാരത്തിനായി ഉച്ചയ്ക്ക് ശേഷം അവധിയെടുക്കാനും അനുവാദമുണ്ട്. ഇത് വിശ്വാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന ഒന്നാണ്.
കഴിഞ്ഞ വേനല്‍ക്കാലത്ത് പ്രാർത്ഥനാ സമയം 10 മിനിറ്റായി കുറച്ചിരുന്നു. കടുത്ത ചൂടില്‍ നിന്ന് വിശ്വാസികളെ സംരക്ഷിക്കാനായിരുന്നു ഈ നീക്കം. ഇത്തരത്തില്‍ കാലാവസ്ഥാ മാറ്റങ്ങളും അധികൃതർ പരിഗണിക്കാറുണ്ട്. മുസ്ലിംകള്‍ ആഴ്ചയിലെ ഏറ്റവും പുണ്യദിനമായാണ് വെള്ളിയാഴ്ചയെ കാണുന്നത്.

