യു.എ.ഇ.യും ഇന്ത്യയും ഒരു കടല്‍ അകലെയാണെങ്കിലും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചതാണ് കടലാഴമുള്ള സൗഹൃദം ഒരു തിരയിലും ഒഴുകിപ്പോകാത്ത സുഗന്ധമുണ്ട് കേരളത്തോടുള്ള അടുപ്പത്തിലും. പായ് കെട്ടിയ ഉരുക്കളില്‍ കേരളത്തില്‍ നിന്നു സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുവരികയും പകരം പവിഴവും മുത്തുകളും കൊടുക്കുകയും ചെയ്ത വ്യാപാരബന്ധം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ബന്ധത്തിന് ദൃഢതയേറുന്നു. പരസ്പരം സഹകരിച്ചും വെല്ലുവിളികളില്‍ കൈത്താങ്ങേകിയും ഇന്ത്യയും യു.എ.ഇ.യും മുന്നേറുന്നു.
ദിര്‍ഹമാണ് യുഎഇയുടെ നാണയമെങ്കിലും നാവിന് ഏറെ വഴക്കം രൂപ എന്നു പറയാനാണെന്നു രാജ്യത്തെ പഴമക്കാര്‍ പറയാറുണ്ട്. പണ്ട് രൂപയായിരുന്നല്ലോ ഇവിടെയും നാണയം. യുഎഇ പിറവിയുടെ 50ാം വാര്‍ഷികം ആഘോഷിക്കുമ്പോൾ ഏറ്റവുമധികം ആഹ്ലാദിക്കുന്നതും ഇന്ത്യക്കാരാവും. കാരണം 35ലക്ഷത്തിലധികം പേരുമായി ഇവിടെ പ്രവാസികളില്‍ ഏറ്റവും വലിയ സമൂഹം ഇന്ത്യക്കാരാണ്. അതില്‍തന്നെ 60% പേരും മലയാളികള്‍.
യു.എ.ഇ.യുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ. 5 വര്‍ഷത്തിനുള്ളില്‍ 11500 കോടി ഡോളറിന്റെ വ്യാപാര ഇടപാടുകളിലേക്ക് ഇതു വളരുന്നതു കാത്തിരിക്കുകയാണ് ഇരു രാജ്യങ്ങളും. കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോഴും ആദ്യ സഹായവാഗ്ദാനവുമായി എത്തിയത് യു.എ.ഇയാണ്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അതിവേഗം യു.എ.ഇ മുന്നേറുമ്പോൾ ഏറ്റവും അധികം ആശ്വസിക്കുന്നതും ഇന്ത്യന്‍ പ്രവാസികള്‍ തന്നെ.