അബുദാബി : വിനോദ സഞ്ചാര വാഹനങ്ങൾക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു . കോവിഡ് വ്യാപന സാഹചര്യത്തിലാണ് മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്ക് വരുന്ന വിനോദസഞ്ചാര വാഹനങ്ങൾക്ക് അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത് . വിനോദസഞ്ചാരികളുമായി വരുന്ന വാഹനങ്ങൾ അതിർത്തിയിലെ നിർദിഷ്ട ലെയിൻ ( അബുദാബി – ദുബായ് പ്രധാനപാതയിലെ ലെയിൻ 1 ) തന്നെ ഉപയോഗിക്കണം . പരിശോധനാവേളയിൽ കാണിക്കുന്നതിനായി എല്ലാവിധ രേഖകളും വിനോദസഞ്ചാരികൾ കൈയിൽ കരുതിയിരിക്കണം . കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും അൽഹുസ്ൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് ഉള്ളവർക്കുമാണ് പ്രവേശനം . ഗ്രീൻ പാസ് ഇല്ലാത്തവർ 96 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം . ഇതിനായി അതിർത്തിയിൽ പുതിയ ഓഫിസ് സജ്ജമാക്കുമെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് സർക്കുലറിൽ അറിയിച്ചു . അബുദാബി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവരെ മുൻകൂറായി തന്നെ പുതിയ പ്രവേശന മാനദണ്ഡങ്ങൾ അറിയിച്ചിരിക്കണമെന്ന് ടൂർ കമ്പനികൾക്ക് നിർദേശം നൽകി.