അബുദാബി: അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്കാന് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. അയ്യായിരം അഫ്ഗാനിസ്ഥാൻ പൗരന്മാർക്ക് 10 ദിവസത്തേക്ക് താല്‍ക്കാലിക അഭയം നല്‍കുമെന്ന് യുഎഇ അറിയിച്ചു.
യുഎസിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും യുഎഇ ഭരണകൂടം അറിയിച്ചു. അമേരിക്കന്‍ വിമാനങ്ങളില്‍ അഫ്ഗാന് പൗരന്മാരെ യുഎഇയിലെത്തിക്കും. ജര്‍മ്മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ധാരണ അമേരിക്ക ഉടന്‍ പ്രഖ്യാപിക്കും.
അതേസമയം, കാബൂൾ വിമാനത്താവളത്തിലെ രക്ഷാദൗത്യത്തിൽ അന്തിമ ഫലം ഉറപ്പിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യമാണിതെന്നും അഫ്ഗാനിൽ യുഎസിനെ സഹായിച്ച സ്വദേശികളെ രക്ഷപ്പെടുത്തുമെന്നും ജോ ബൈഡൻ അറിയിച്ചു.
കാബൂൾ വിമാനത്താവളത്തിൽ സുരക്ഷയ്ക്കായി ആറായിരം സൈനികരാണ് ഉള്ളത്. ഇതിനകം 18,000 പേരെ അഫ്ഗാനിസ്ഥാനിൽ നിന്ന് മാറ്റി.