ഭീകര വിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി ഏതു തരം പ്രതിഷേധവും നിർത്തിക്കാന്‍ പൊലീസ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. 2015 വരെ 60ല്‍ താഴെ യു.എ.പി.എ കേസുകളായിരുന്നത് 2019ലെത്തുമ്പോള്‍ ഒരു വര്‍ഷം 255 ആയാണ് ഉയര്‍ന്നത്.
കശ്മീരില്‍ എന്തിനും ഏതിനും യു.എ.പി.എ ചുമത്തുകയാണെന്ന് ശ്രീഗനര്‍ ആസ്ഥാനമായുള്ള ഒരു അഭിഭാഷകനെ ഉദ്ധരിച്ച് ‘സ്ക്രോള്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കല്ലേറ് സംഭവങ്ങള്‍ക്കു പോലും യു.എ.പി.എ ചുമത്തും. 2018ല്‍ യു.എ.പി.എ ചുമത്തിയ ഒരു അസിസ്റ്റന്‍റ് പ്രഫസറെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോളജ് അധ്യാപകനായ ഇദ്ദേഹം പതിവായി ജോലിക്കു ഹാജരാകുകയും കോളജില്‍ ക്വാറന്‍റീന്‍ കേന്ദ്രം നടത്തുകയും ചെയ്തതിന് രേഖകളുണ്ടായിട്ടും അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് ആരോപണം.
കഴിഞ്ഞ സെപ്റ്റംബറില്‍ ഷോപിയാനില്‍ അധ്യാപകനും എട്ടു വിദ്യാര്‍ഥികളും ക്രിക്കറ്റ് കളിച്ചത് യു.എ.പി.എ പ്രകാരം കേസാക്കി മാറ്റിയ പൊലീസ് വാദം തള്ളി ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2019ല്‍ യു.എ.പി.എക്കു വരുത്തിയ ഭേദഗതിയാണ് ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് തുണയാകുന്നതെന്നാണ് ആരോപണം. അതു വരെയും നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരില്‍ മാത്രമായിരുന്നു ഈ ഭീകര വിരുദ്ധ നിയമം ചുമത്താന്‍ യോഗ്യത. എന്നാല്‍, 2019 ജൂലൈയില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം അംഗത്വമോ മറ്റു സാധ്യതകളോ ഇല്ലാതെ തന്നെ സര്‍ക്കാറിന് ആരെയും ഭീകരനായി മുദ്രകുത്താം.
യു.എ.പി.എ ചുമത്തുന്നതിന് പുറമെ ഈ നിയമത്തിലെ 25ാം വകുപ്പ് പ്രകാരം സ്വത്ത് കണ്ടു കെട്ടുന്നതും വ്യാപകമാണ്. കഴിഞ്ഞ ഫെബ്രുവരിയിലെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍’ 46 കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ 61 വാഹനങ്ങള്‍, അഞ്ച് വീടുകള്‍, ആറ് കടകള്‍, ഭൂമി, പണം എന്നിവ കണ്ടുകെട്ടാന്‍ അനുമതി നല്‍കി.
രാജ്യത്തു മുഴുക്കെയും ഇതേ സ്ഥിതി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ വ്യക്തമാണ്. 2015നെ അപേക്ഷിച്ച് 2019 ലെത്തുമ്പോള്‍ 72 ശതമാനമാണ് ദേശീയ വര്‍ധന.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ യു.എ.പി.എ കേസുകളില്‍ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സംസ്ഥാനമാണ് കശ്മീര്‍. 2014നും 2019നുമിടയില്‍ മാത്രം ജമ്മു കശ്മീരില്‍ 921 കേസുകളാണ് ചുമത്തിയത്. 2020ലെ കണക്കുകള്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടിട്ടില്ല.
ഈ കേസ് പ്രകാരം 180 ദിവസം വരെ അന്വേഷണത്തിന് എടുക്കാന്‍ പൊലീസിന് സമയമുണ്ടാകും. പതിവു കേസുകളില്‍ 60- 90 ദിവസം മാത്രമുള്ളിടത്താണ് ഈ സമയം. അതോടെ കസ്റ്റഡിയിലുള്ളവര്‍ക്ക് ജാമ്യത്തിന് അപേക്ഷ നല്‍കാന്‍ പോലും ആറു മാസം കാത്തിരിക്കണം.
ശ്രീനഗറില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടുവെന്ന് സുരക്ഷാ സേന പറയുന്ന 16 കാരനായ മകന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ തന്‍റെ ഗ്രാമത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയ പുല്‍വാമ സ്വദേശിക്കും മാര്‍ച്ചില്‍ പങ്കാളികളായ ആറു പേര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയതാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്തും പുറത്തും വിവാദമുയര്‍ത്തുന്നത്. കണ്ണീരണിഞ്ഞു നില്‍ക്കുന്ന പിതാവിന്‍റെ ചിത്രവുമായി മാധ്യമങ്ങള്‍ യു.എ.പി.എ വാര്‍ത്ത പുറത്തുവിട്ടതോടെ ന്യായീകരിച്ച് പൊലീസ് മേധാവിയും രംഗത്തെത്തി. ‘മകന്‍റെ മൃതദേഹം വിട്ടുകിട്ടാന്‍ മാര്‍ച്ച് നടത്തിയാല്‍ അത് കേസ് ആകില്ലെന്നും എന്നാല്‍, ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയാല്‍ യു.എ.പി.എ ചുമത്തുമെന്നുമായിരുന്നു കശ്മീര്‍ പൊലീസ് ഐ.ജി വിജയ് കുമാറിന്‍റെ പ്രതികരണം. എന്നാല്‍, അത്തരം മുദ്രാവാക്യങ്ങളൊന്നും മുഴങ്ങിയില്ലെന്നും പൊലീസ് തന്നെ പ്രകടനം വിഡിയോയില്‍ പകര്‍ത്തിയതാണെന്നും പിതാവ് പറയുന്നു.