തിരുവനന്തപുരം: കേരളത്തിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ കൊച്ചിയിൽ യോഗം ചേർന്ന്” യുണൈറ്റഡ് പ്രവാസി അലയൻസ്” “എന്ന പേരിൽ ഏകോപന സമിതി രൂപീകരിച്ചു.തുടക്കത്തിൽ ഇരുപത്തിയഞ്ചിലധികം സംഘടനകൾ പങ്കെടുത്തു.വിദേശത്തും സ്വദേശത്തുമുള്ള കൂടുതൽ സംഘടനകളെ ഉൾക്കൊളിച്ച് സമിതി വിപുലമാക്കാനും ജില്ലാ – നിയോജക മണ്ഡലം തലത്തിൽ പ്രാദേശിക സംഘടനകളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം വിപുലമാക്കുവാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ജനസംഖ്യയിൽ മൂന്നിലൊന്ന് വരുന്ന പ്രവാസികൾ അസംഘടിതരായി തുടരുന്നത് മുന്നണികൾ ചൂഷണം ചെയ്യുകയാണ്.
പ്രവാസി മലയാളികൾ പൊതുസമൂഹത്തിൻ്റെ പരിശ്ഛേദമാണ്. സംഘടിതവിഭാഗങ്ങൾക്ക് മാത്രമേ അവകാശപ്പെട്ട ആനുകൂല്യം പോലും ലഭിക്കു എന്ന സ്ഥിതിയാണുള്ളത്. അതിനാൽ തന്നെ പ്രവാസികൾ സംഘടിതരാകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി..
വിവിധ സംഘടനകളുടെ ഏകോപനം നാട്ടിലും വിദേശത്തുമുള്ള പ്രവാസികളുടെ സ്വപ്നമാണ്. അത് സാക്ഷാത്കരിക്കുകയാണ് സംയുക്ത പ്രവാസി സഖ്യം.
വിവിധ ആവശ്യങ്ങൾ അവകാശ രേഖയായി സർക്കാരിന് നൽകുവാനും യോഗം തീരുമാനിച്ചു.
1) 2025-26 സംസ്ഥാന ബജറ്റിൽ ഇടത് മുന്നണി പ്രകടന പത്രിക വാഗ്ദാനമായ പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കുക.
2) പ്രവാസത്തിന്റെ കഠിന കാലശേഷം വിദേശവാസം മതിയാക്കി തിരികെ വന്ന 60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ നടപ്പാക്കുക.
3) രണ്ടേമുക്കാൽ ലക്ഷം കോടി രൂപ പ്രവാസി പണമായി സംസ്ഥാനത്തെത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് ബജറ്റ് വിഹിതം രണ്ടായിരം കോടി രൂപയായി വർദ്ധിപ്പിക്കണം.
3) വിമാനടിക്കറ്റ് ചാർജ് സീസണിൽ അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന നടപടി ഒഴിവാക്കണം. ഈ വിഷയത്തിൽ കേരളാ ഹൈക്കോടതിയിലെ കേസിൽ കേന്ദ്രസർക്കാർ ഉടൻ മറുപടി നൽകണം.
4) പ്രവാസി ശാക്തീകരണത്തിന് ലോക കേരളസഭയിൽ ഉന്നയിക്കപ്പെട്ട പ്രവാസിഗ്രാമസഭകൾ തദ്ദേശ സ്ഥാപനങ്ങളിൽ ഉടനെ നടപ്പാക്കുക.
5) പ്രവാസികൾ സ്ഥിര താമസക്കാരല്ലന്ന കാരണത്താൽ വസ്തു ക്രയവിക്രയത്തിന് കേന്ദ്രം ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കണം.
6) പ്രതിവർഷം പന്ത്രണ്ട് ലക്ഷം കോടിയിലധികം പ്രവാസി പണം രാജ്യത്ത് എത്തിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് കേന്ദ്രസർക്കാർ ബജറ്റിൽ പണം അനുവദിക്കുക.
7) “ലോക കേരളസഭ”ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിന് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുക.
8) നോർക്ക പ്രവാസി പുനരധിവാസ വായ്പയെ എം.എസ്. എം. ഇ. വായ്പയുമായി സംയോജിപ്പിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കണം.
9)പ്രവാസിക്ഷേമനിധിക്ക് ധനാഗമ മാർഗമായി നിർദ്ദേശിച്ച് തീരുമാനിച്ച സി.എസ്.ആർ ഫണ്ട് സ്വരൂപിക്കുന്നത് കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വേഗത്തിലാക്കുക.
10) പ്രവാസി വോട്ടവകാശം യാഥാർത്ഥ്യമാക്കുക.
11) കുടുംബശ്രീ മിഷൻമാതൃകയിൽ വാഗ്ദത്ത ‘പ്രവാശ്രീ’ മിഷൻ സമയബന്ധിതമായി നടപ്പാക്കുക. തുടങ്ങിയ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു.
കേന്ദ്ര ബജറ്റിൽ പ്രവാസി ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിക്കാൻ കേരളത്തിൽ നിന്നുള്ള എം പിമാർ ശക്തമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ദിനേശ് ചന്ദന [പ്രസിഡൻ്റ് ] സുനിൽ ഖാൻ ,സലിം പള്ളിവിള,.പ്രേംസൺ കായംകുളം [വൈസ് പ്രസിഡൻ്റുമാർ ] ഗുലാം ഹുസൈൻ [ജനറൽ സെക്രട്ടറി ] ബാവിസ് വിജയൻ ,.പ്രഥ്വിരാജ് നാറാത്ത്, സി. പി. രാജശേഖരൻ നായർ.[സെക്രട്ടറിമാർ ] എൻ.സി. അബ്ദുൾ ജബ്ബാർ നരിക്കുനി, [ട്രഷറർ] തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റിയും നിലവിൽ വന്നു.