തിരുവനന്തപുരം :സർവകലാശാലാ നിയമങ്ങളിൽ ഭേഗദതി നിർദേശിക്കുന്ന ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. വൈസ് ചാൻലസർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി ഘടന പുതുക്കുന്നത് അടക്കം സർവകലാശാല നിയമങ്ങളിലെ ഭേദഗതി നിർദേശങ്ങളാണ് ബില്ലിലുള്ളത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കാലടി സംസ്കൃത സർവകലാശാലകളുടെ നിയമത്തിലാണ് നിർദ്ദിഷ്ട ഭേദഗതി നിർദേശങ്ങൾ.
വിസി നിയമന അപേക്ഷ പരിശോധിച്ച്, മുന്നംഗ പട്ടിക നൽകുന്നതിന് മുന്നിനുപകരം അഞ്ചംഗ സെർച്ച് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതാണ് പ്രധാന ഭേദഗതി നിർദേശം. ഗവർണർ, യുജിസി, സംസ്ഥാന സർക്കാർ, ബന്ധപ്പെട്ട സർവകലാശാല സിൻഡിക്കറ്റ് എന്നിവയുടെ പ്രതിനിധികളും അംഗങ്ങളാകുന്ന സമിതിയുടെ കൺവീനർ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും. സെർച്ച് കമ്മിറ്റി കൈമാറുന്ന മൂന്നുപേർ അടങ്ങുന്ന പട്ടികയിൽനിന്ന് ഒരാളെ ഗവർണർക്ക് തെരഞ്ഞെടുത്ത് നിയമനത്തിന് നിർദേശിക്കാം. വൈസ് ചാൻസലർ നിയമനത്തിനുള്ള പ്രായപരിധി അറുപതിൽനിന്ന് അറുപത്തഞ്ചാക്കാനുള്ള നിർദേശവുമുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ബിൽ അവതരിപ്പിച്ചു. ഇതടക്കം ആറു ബിൽ നിയമസഭ ബുധനാഴ്ച പരിഗണിച്ചു.