യുപിയിൽ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്; പഞ്ചാബും പോളിംഗ് ബൂത്തിലേക്ക്;

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്, അല്‍പ സമയത്തിനുള്ളില്‍ ആരംഭിക്കും.16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.

വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പഞ്ചാബിലെ വോട്ടർമാരും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പഞ്ചാബിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അല്‍പസമയത്തിനുള്ളില്‍ ആരംഭിക്കും. മുഴുവൻ നിയമസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ്.

യുപിയിലെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മത്സര രംഗത്തുള്ളത് 627 സ്ഥാനാർഥികൾ. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ, കസ്ഗഞ്ച്, മെയിന്‍പുരി, ഫാറൂഖാബാദ്, കന്നൗജ്, ഇറ്റാവ, ഔറാരിയ, കാണ്‍പൂര്‍ ദേഹത്, കാണ്‍പൂര്‍ നഗര്‍, ജലാവുന്‍, ജാന്‍സി, ലളിത്പൂര്‍, ഹമിര്‍പൂര്‍, മഹോബ ജില്ലികളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ കർഹാൽ ഉൾപ്പെടെയുള്ള എസ്പിയുടെ ശക്തി കേന്ദ്രങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന മണ്ഡലങ്ങൾ. 2017 ലെ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങളിൽ ഭൂരിഭാഗവും ബിജെപി പിടിച്ചെടുത്തിരുന്നു. അന്ന് ബിജെപിക്ക് 49 സീറ്റുകളും സമാജ് വാദിക്ക് 9 സീറ്റുകളുമായിരുന്നു ലഭിച്ചത്.

അഖിലേഷുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ച ശിവ്പാൽ യാദവ് യാദവ വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയതാണ് എസ്പിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ശിവ്പാൽ യാദവ് ഇക്കുറി എസ്പിയിലേക്ക് മടങ്ങിയെത്തിയതോടെ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ് പി നേതൃത്വം.

അതേസമയം, പഞ്ചാബിൽ ജനവിധി തേടുന്നത് 117 മണ്ഡലങ്ങളിലായി 1304 സ്ഥാനാർഥികളാണ്. ബഹുകോണ മത്സരം നടക്കുന്ന പഞ്ചാബിൽ ഭരണകക്ഷിയായ കോൺഗ്രസ് കടുത്ത പോരാട്ടത്തിലാണ്. കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, ബിജെപി, ശിരോമണി അകാലിദൾ പാർട്ടികൾക്ക് അഭിമാന പോരാട്ടമാണ്.

ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നിരുന്ന അകാലിദളും പ്രചാരണത്തിൽ സജീവമായതോടെ പഞ്ചാബിൽ ത്രികോണമത്സരമായി. ആം ആദ്മി പാർട്ടി വൻ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിർത്താനുള്ളവ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.

മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്,ബിജെപിയുമായി ചേർന്ന് പുതിയ പരീക്ഷണത്തിലാണ്. താരമണ്ഡലങ്ങൾ, മുൻപെങ്ങുമില്ലാത്ത കടുത്തപോരിലൂടെയാണ് കടന്നുപോകുന്നത്. പിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദുവും ഉപമുഖ്യമന്ത്രി ഓ പി സോണിയും എതിരാളികളിൽ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുണ്ട്. സിദ്ധുവിനെ തോൽപ്പിക്കുമെന്നു അകാലിദൾ സ്ഥാനാർത്ഥി ബിക്രം സിങ് മജീദിയ പറഞ്ഞു.

അതേസമയം ഇന്നലെ സമയപരിധി അവസാനിച്ചിട്ടും പ്രചാരണം നടത്തിയെന്ന പരാതിയിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി, കോൺഗ്രസ് സ്ഥാനാർഥി ശുഭ്ദീപ് സിങ് സിദ്ദു എന്നിവർക്കെതിരെ കേസെടുത്തു.

spot_img

Related Articles

Latest news