പ്രതീക്ഷയുടെ ദിനം – ഗുട്ടറസ്
വാഷിങ്ടണ്‍ : പാരിസ് കാലാവസ്ഥ ഉടമ്പടിയിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തി അമേരിക്ക. ഉടമ്പടി ഉപേക്ഷിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി തിരുത്തുമെന്ന പ്രഖ്യാപനമാണ് ബൈഡന് ഭരണകൂടം നടപ്പാക്കിയത്. കാർബണ് ബഹിർഗമനം കുറയ്ക്കാന് അമേരിക്കസന്നദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന് ട്വിറ്ററില് കുറിച്ചു. ഇക്കാര്യത്തില് മൂന്നുവർഷത്തിനുള്ളില് കാര്യമായ നടപടികളുണ്ടാകുമെന്നും അറിയിച്ചു.
ഏപ്രില്‍ 22ന് അമേരിക്ക ആതിഥ്യം വഹിക്കുന്ന ആഗോള നേതൃസംഗമത്തില്‍ ബൈഡന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. നവംബറില്‍ ഗ്ലാസ്കോയിലാണ് അടുത്ത കാലാവസ്ഥാ ഉച്ചകോടി. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന് കാർബണ് പുറന്തള്ളല് കുറച്ചുകൊണ്ടുവരുന്നത് വികസിതരാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റുന്ന 2015ലെ പാരിസ് ഉച്ചകോടിയിലെ ഉടമ്പടിയില് അമേരിക്ക അടക്കമുള്ള രാജ്യങ്ങള് ഒപ്പുവച്ചിരുന്നു. എന്നാല്‍, ഉടമ്പടിയില് നിന്ന് ട്രംപ് ഭരണകൂടം ഏകപക്ഷീയ പിന്മാറ്റം നടത്തുകയായിരുന്നു.
പ്രതീക്ഷയുടെ ദിനമെന്ന് ഗുട്ടറസ്
യുഎസ് വീണ്ടും ഉടമ്പടിയുടെ ഭാഗമായതിനെ പ്രതീക്ഷയുടെ ദിനമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചു. പ്രധാന രാജ്യം നാലു വര്‍ഷം ചരിത്രപരമായ കരാറില്‍ ഇല്ലാതിരുന്നത് വലിയൊരു വിടവ് സൃഷ്ടിക്കുകയും കരാറിനെ ക്ഷീണിപ്പിക്കുകയും ചെയ്തു. ഇത് യുഎസിനും ലോകത്തിനും നല്ല വാര്‍ത്തയാണെന്നും ഗുട്ടറസ് പറഞ്ഞു.