സമസ്ത കേന്ദ്ര മുശാവറ അംഗവും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന്റെ പിതാവുമായ ഉസ്താദ് ഒ. കുട്ടി മുസ്ലിയാർ (93) നിര്യാതനായി.
ഒടങ്ങാടൻ മമ്മദ് മൊല്ലയുടെ മകനായി 1928 ൽ മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത അമ്പലക്കടവിൽ ആയിരുന്നു ജനനം. എടപ്പറ്റ മോയിൻ മുസ്ലിയാരുടെ കീഴിൽ ഓത്തുപള്ളിയിലൂടെയാണ് പ്രാാഥമിക പഠനം ആരംഭിച്ചത്.
അതിന് ശേഷം പള്ളിശ്ശേരി,തുവ്വൂര്,കാളികാവ് ,കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി പതിമൂന്ന് വർഷം ദർസ് പഠനം.അരിപ്ര മൊയ്തീൻ ഹാജി, പറവണ്ണ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ. 1961 ൽ ഫറൂഖ് റൌളത്തൂൽ ഉലൂമിൽ ചേർന്ന് അഫ്ളലുൽ ഉലമ പാസ്സാകുകയും ചെയ്തു. ദേവ്ബന്ദ് ദാറുൽ ഉലൂമിൽ നിന്ന് 1962 ൽ ഖാസിമി ബിരുദം കരസ്ഥമാക്കി.
കോട്ടയം, ഈരാറ്റുപേട്ട, നിലമ്പൂർ, കണ്ണാടിപ്പറമ്പ്, എടയാറ്റൂർ, തുവ്വൂര് എന്നിവിടങ്ങളിലും ഒന്നു രണ്ട് കോളേജുകളിൽ പ്രിൻസിപ്പാളുമായി നീണ്ട അര നൂറ്റാണ്ടിലേറയുള്ള അധ്യാപന ജീവിതം നയിച്ച ഉസ്താദ് ശാരീരിക അസ്വസ്ഥതകൾ കാരണം വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.