കൊല്ലം : ഉത്രയെ ഭര്‍ത്തൃഗൃഹത്തില്‍വെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്ന് വാവാ സുരേഷ്. മരണവിവരം അറിഞ്ഞയുടന്‍ ദുരൂഹതയുെണ്ടന്നും പോലീസില്‍ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞതായി ഉത്ര വധക്കേസ് വിചാരണയില്‍ സാക്ഷിയായി കൊല്ലം ആറാം സെഷന്‍സ് കോടതിയില്‍ മൊഴിനല്‍കവേ വാവാ സുരേഷ് പറഞ്ഞു.
സംഭവ ദിവസം വൈകീട്ട് പറക്കോട്ട് ഒരു വീട്ടിലെ കിണറ്റില്‍ വീണ പാമ്ബിനെ രക്ഷിക്കാന്‍ ചെന്നപ്പോഴാണ് വിവരമറിഞ്ഞത്. അണലി രണ്ടാംനിലയില്‍ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഒരു കാരണവശാലും മൂര്‍ഖന്‍ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടില്‍ കയറില്ലെന്നും മനസ്സിലായി.
തന്നെ 16 തവണ അണലിയും 340 തവണ മൂര്‍ഖനും കടിച്ചിട്ടുണ്ട്. മൂര്‍ഖനും അണലിയും കടിച്ചാല്‍ സഹിക്കാന്‍പറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്ബു കടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും വാവാ സുരേഷ് പറഞ്ഞു. ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തില്‍ കടിക്കുന്നത് അസ്വാഭാവികമാണെന്നും മൊഴിനല്‍കി.
ഉത്രയെ പാമ്ബുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോള്‍ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അന്‍വര്‍ മൊഴിനല്‍കി.