വി.എം.കുട്ടി അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ വി എം കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി എം കുട്ടി. ഗായകനും ഗാനരചയിതാവും സംഗീതകാരനുമാണ്.

ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു വി.എം കുട്ടി. പുതിയ പരീക്ഷണങ്ങൾ കൊണ്ട് മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ വ്യക്തിയാണ്.

മാപ്പിളകലാരംഗത്തെ സമഗ്ര സംഭാവനക്ക് 2020ലെ കേരള ഫോക് ലോർ അക്കാദമി അവാർഡ് നൽകി വി.എം കുട്ടിയെ ആദരിച്ചു.

മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ്‌ വി.എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി. ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം.

മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന,അഭിനയം , ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി.

പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ്‌ താൻ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത് എന്ന് കുട്ടി ഓർക്കുന്നു. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി.

1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം.

ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്. മൈലാഞ്ചി,പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം,1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് വി.എം.കുട്ടി. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്റണി എന്ന സിനിമക്കായി പാട്ടെഴുതിയിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ലോകം (എം.എൻ. കാരശ്ശേരിയുമായി ചേർന്ന് എഴുതിയത്) , വൈക്കം മുഹമ്മദ് ബഷീർ(മാലപ്പാട്ട്) ലേഖനം എന്നീ കൃതികളുടെ രചയിതാവാണ്.

spot_img

Related Articles

Latest news