തൃശൂർ മേയർ എം.കെ. വർഗീസ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് കേക്ക് വാങ്ങിയ സംഭവത്തില്‍ വിമർശനവുമായി സിപിഐ നേതാവ് വി.എസ്.സുനില്‍കുമാർ. കേക്ക് വാങ്ങിയത് നിഷ്കളങ്കമായി ചെയ്തതായി കാണാൻ കഴിയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് മേയർ എന്നും സുനില്‍കുമാർ ആരോപിച്ചു.
“പ്രത്യേക സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ മേയറായ ആളാണ് അദ്ദേഹം. സിപിഐ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. നിലവില്‍ മറ്റൊന്നും ചെയ്യാനില്ല. മറ്റാരും കേക്ക് വാങ്ങിയില്ലല്ലോ. ഇടതുപക്ഷ ചെലവില്‍ ഇത് അനുവദിക്കാൻ ആകില്ല”, സുനില്‍കുമാർ പറഞ്ഞു. മേയർക്ക് ചോറ് ഇവിടെയും കൂറ് അവിടെയും ആണെന്നും എല്‍ഡിഎഫ് ചെലവില്‍ അത് വേണ്ടെന്നും സുനില്‍കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, ക്രിസ്മസ് ദിവസം തന്‍റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്നേഹത്തിന്‍റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയർ എം.കെ. വർഗീസിന്‍റെ മറുപടി. ബിജെപിയുടെ സ്നേഹ സന്ദേശ യാത്രയുടെ ഭാഗമായാണ് ക്രിസ്മസ് കേക്കുമായി കെ. സുരേന്ദ്രന്‍ മേയറെ സന്ദർശിച്ചത്. എം.കെ. വര്‍ഗീസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്‍റെ സന്ദർശനം മാത്രമാണെന്നുമാണ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്.