വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്; ക്വുആര്‍ കോഡ് മതി, അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്ന് എംബസി

റിയാദ് – സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഇ സര്‍വീസസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി. ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന എല്ലാ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കും ക്വുആര്‍ കോഡ് രജിസ്ട്രേഷനുണ്ടെന്നും ഇക്കാര്യം ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.

വിദേശ രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുക്കുന്നവരുടെ വാക്സിന്‍ വിവരങ്ങള്‍ സൗദിയിലെ പ്രവേശനത്തിന് മുഖീം പോര്‍ട്ടലിലും തവക്കല്‍നാ ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്യാന്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഇ സര്‍വീസസിലും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയവും തവക്കല്‍നാ ആപ് അധികൃതരും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പലര്‍ക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്യാത്തതിനാല്‍ അപേക്ഷ നിരസിക്കുകയാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ സന്ദേശമെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പലരും ട്രാവല്‍ ഏജന്‍സികളെ സമീപിക്കുകയും ചെയ്തു. ഒമ്പതിനായിരം രൂപ വരെയാണ് ഇതിന് ചാര്‍ജായി ഏജന്‍സികള്‍ അറിയിച്ചത്. എന്നാല്‍ സൗദി അധികൃതര്‍ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാണെന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ക്യു ആര്‍ കോഡുള്ളതിനാല്‍ അറ്റസ്റ്റേഷന്‍ ആവശ്യമില്ലെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുമുണ്ട്.

 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ആരോഗ്യമന്ത്രാലയത്തിന്റെ ഇ സര്‍വീസസിലെ രജിസ്ട്രേഷന്‍ നാട്ടില്‍ വെച്ചുതന്നെ പൂര്‍ത്തിയാക്കാവുന്നതാണ്. സൗദി അംഗീകരിച്ച ആസ്ട്രാസെനിക്ക, ഫൈസര്‍, മോഡേര്‍ണ എന്നിവയുടെ രണ്ടു ഡോസ്, ജോണ്‍സണ്‍ ഒരു ഡോസ് എന്നിവ എടുത്തവരാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. അല്ലാത്തവര്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാനാവില്ല. കോവാക്സിന്‍ അടക്കമുള്ള മറ്റ് വാക്സിന്‍ എടുത്തവരുടെ അപേക്ഷ നിരസിക്കപ്പെടും. വാക്സിന്‍ ഇനം തെരഞ്ഞെടുത്ത് ഒന്നും രണ്ടും വാക്സിനേഷന്‍ തിയ്യതിയും രാജ്യവും പ്രത്യേകം ചേര്‍ക്കണം. അതിന്റെ പ്രൂഫ് അറ്റാച്ച് ചെയ്യുകയും വേണം. നല്‍കിയ വിവരങ്ങളില്‍ കൃത്യതക്കുറവുണ്ടെങ്കില്‍ അപേക്ഷ നിരസിക്കുമെന്ന് മന്ത്രാലയം അതിന്റെ നിബന്ധനകളില്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. വാക്സിനെടുത്ത തിയതിയും ബാച്ച് നമ്പറുമടക്കമുള്ള വിവരങ്ങളും ലഭ്യമായിരിക്കുകയും വേണം. നിബന്ധനകളെല്ലാം പാലിച്ച് അപേക്ഷ നല്‍കിയാല്‍ അഞ്ചു ദിവസത്തിനകം മറുപടി നല്‍കുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.
എന്നാല്‍ ആവശ്യപ്പെട്ട പോലെ കൃത്യ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അപേക്ഷകള്‍ നിരസിക്കുന്നതായി ചിലര്‍ക്ക് സന്ദേശങ്ങളെത്തുന്നുണ്ട്. മറ്റു ചിലര്‍ക്ക് സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ റദ്ദ് ചെയ്യുന്നുവെന്ന് പറഞ്ഞ് ഇമെയില്‍ സന്ദേശമാണ് ലഭിക്കുന്നത്. ഇങ്ങനെ സന്ദേശം ലഭിക്കുന്നവര്‍ രേഖകള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് തെറ്റുകളില്ലാതെ നിബന്ധനകള്‍ക്ക് വിധേയമായി ഒരിക്കല്‍ കൂടി അപേക്ഷ നല്‍കിയാല്‍ മതിയെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. സൗദിയില്‍ ഇഖാമയുളളവര്‍ക്ക് മാത്രമാണ് ഇ -സര്‍വീസസില്‍ രജിസ്ട്രേഷന്‍ ആവശ്യമുളളത്.
അതേസമയം നാട്ടില്‍ നിന്ന് സൗദിയിലെത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റിലെ രജിസ്ട്രേഷന്‍ പരിഗണിക്കുന്നില്ലെങ്കിലും മുഖീം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്‌സിനെടുത്തവരും അല്ലാത്തവരും ഇഖാമയുള്ളവരും സന്ദര്‍ശന വിസക്കാരും സൗദിയില്‍ എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബുധനാഴ്ച മുതല്‍ സൗദിയിലേക്ക് വരുന്ന എല്ലാവര്‍ക്കും ഈ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തതായി മൊബൈലുകളില്‍ ലഭിച്ച സന്ദേശമോ രജിസ്ട്രേഷന്‍ പ്രിന്റോ വിമാനത്താവളത്തില്‍ കാണിക്കണം. എന്നാല്‍ മാത്രമേ ബോര്‍ഡിംഗ് പാസ് നല്‍കാവൂവെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. രണ്ടു ഡോസ് എടുത്തവര്‍ക്ക് സൗദിയില്‍ ഏഴുദിവസ ഹോട്ടല്‍ ക്വാറന്റൈന്‍ ഉണ്ടാവില്ല. അല്ലാത്തവര്‍ ഹോട്ടല്‍ ബുക്കിംഗും മുഖീമില്‍ കാണിക്കേണ്ടതുണ്ട്.

spot_img

Related Articles

Latest news