മാതൃ കവചം ‘: ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ തുടങ്ങി

ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പരിപാടി ‘മാതൃകവചം’ ജില്ലയില്‍ തുടങ്ങി. ആദ്യദിനം 1,319 ഗര്‍ണികള്‍ക്ക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. കോവിഡിനെതിരെ ഗര്‍ഭിണികളെയും സുരക്ഷിതരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ മാതൃകവചം പരിപാടിയുടെ ഭാഗമായുള്ള വാക്‌സിനേഷന്‍ ലഭിക്കും.

തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുമായോ വാര്‍ഡ് തലത്തിലെ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യാം.

 

ഗര്‍ഭാവസ്ഥയിലെ കോവിഡ് ബാധ ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് തടയാന്‍ കോവിഡ് വാക്‌സിനേഷനിലൂടെ സാധിക്കും. നിലവില്‍ രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന ഏത് കോവിഡ് വാക്സിനും ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാം. ഗര്‍ഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിനേഷന്‍ നടത്താം. ഗര്‍ഭാവസ്ഥയില്‍ തന്നെ രണ്ട് ഡോസ് വാക്സിനുകളും സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ അത് കൂടുതല്‍ സുരക്ഷ പ്രദാനം ചെയ്‌തേക്കും. എത്രയും നേരത്തെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കാന്‍ എല്ലാ ഗര്‍ഭിണികളും ശ്രദ്ധിക്കണം. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനി, കുത്തിവച്ച ഭാഗത്ത് വേദന, ഒന്നു മുതല്‍ മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്ന ക്ഷീണം എന്നിവ കണ്ടേക്കാം. വാക്‌സിനേഷനു ശേഷവും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക തുടങ്ങിയ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

spot_img

Related Articles

Latest news