സ്കൂൾ കുട്ടികളുടെ വാക്സീൻ വിതരണത്തിൽ ഇന്ത്യ ഏറെ പിന്നിൽ

ലോകത്ത് പല രാജ്യങ്ങളും 18 വയസിൽ താഴെയുള്ളവർക്ക് വാക്സീനേഷൻ തുടങ്ങിയിട്ടും ഇന്ത്യയിൽ ഇത് നീളുകയാണ്. കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള പ്രധാന തടസം നമ്മുടെ രാജ്യത്ത് ഇനിയും കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങിയിട്ടില്ല എന്നതാണ്.

ഫ്രാൻസ് 12 വയസ് മുതൽ ഉള്ളവർക്കെല്ലാം വാക്‌സീൻ നൽകുകയാണ്. 12 നും 17 നും ഇടയിലുള്ള 40 ശതമാനം കുട്ടികൾക്ക് വാക്‌സീൻ കിട്ടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്‌കൂളുകൾ തുറക്കാൻ ഫ്രാൻസിന് കഴിഞ്ഞു.

ഫ്രാൻസിലും സ്പെയിനിലും വാക്‌സീൻ 12 വയസ് മുതലാണ്. 40 ശതമാനം കൗമാരക്കാർ ഇതുവരെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചു. കഴിഞ്ഞ വർഷം തന്നെ സ്‌കൂളുകൾ തുറന്ന സ്പെയിൻ എത്രയും വേഗം മുഴുവൻ കുട്ടികൾക്കും വാക്‌സീൻ നൽകാനുള്ള തീരുമാനത്തിലാണ്. സ്‌കൂളുകൾ തുറക്കാൻ ഫ്രാൻസിനും കഴിഞ്ഞിട്ടുണ്ട്.

ഇറ്റലിയിൽ അടുത്ത മാസമാണ് പുതിയ സ്‌കൂൾ വർഷം തുടങ്ങുന്നത്. ഫൈസർ, മോഡേണ വാക്സീനുകൾ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയ ഇറ്റലി, 35 ശതമാനം കൗമാരക്കാർക്ക് വാക്‌സീൻ നൽകി. അമേരിക്കയിലും 12 വയസ് മുതൽ 17 വയസുവരെയുള്ളവരിൽ പകുതിയോളം പേർ ഫൈസർ വാക്‌സിൻ സ്വീകരിച്ചു.

സ്വീഡൻ, നേതർലൻഡ്‌സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും വിദ്യാർത്ഥികൾക്ക് വാക്സീനേഷൻ തുടങ്ങി.

അതിനിടെ,  ലോകത്തെ ഏറ്റവും ഫലപ്രദമായ വാക്സീനുകളിൽ ഒന്നായ ഫൈസർ ആറു മാസം മുതൽ 12 വയസുവരെയുള്ള കുട്ടികളിൽ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. അമേരിക്കയിൽ അഞ്ചു വയസു മുതൽ ഉള്ള കുട്ടികളിൽ വാക്‌സീൻ ഉപയോഗിക്കാൻ ഈ വർഷം തന്നെ ഫൈസർ അനുമതി തേടും.

12 വയസിനു താഴെയുള്ള കുട്ടികൾക്ക് ഒറ്റ ഡോസ് മതിയാകും എന്നതാണ് ഇതുവരെയുള്ള പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. മോഡേണ കമ്പനിയും ആറു മാസം മുതൽ 12 വയസുവരെയുള്ള ഏഴായിരം കുട്ടികളിൽ പരീക്ഷണം തുടങ്ങി.

ഇന്ത്യയിലാകട്ടെ, 12 വയസിനു മുകളിലുള്ളവർക്ക് വാക്‌സീനേഷൻ എന്നു തുടങ്ങുമെന്നതിൽ ഇനിയും വ്യക്തതയില്ല. അടുത്ത മാസം തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മണ്ഡവയ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. ഭാരത് ബയോടെക്കിന്റെ കോവാക്സീൻ, സൈദസ് കാഡിലയുടെ സൈക്കോവ് ഡി വാക്സീൻ എന്നിവയാകും ആദ്യ ഘട്ടത്തിൽ കുട്ടികൾക്ക് നൽകുക. ഇതിന്റെ അന്തിമ പരീക്ഷണ ഫലങ്ങൾ ഇനിയും വരണം.

കുട്ടികൾക്ക് സുരക്ഷിതമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഉറപ്പിച്ച ഫൈസർ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയാൽ അത് വലിയ ആശ്വാസമാകുമായിരുന്നു. എന്നാൽ ഫൈസർ രാജ്യത്ത് എത്തുന്നതിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. കുട്ടികൾക്ക് വാക്‌സീനേഷൻ തുടങ്ങിയാലും വാക്‌സീൻ ക്ഷാമമാകും നമ്മൾ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം. 15 മുതൽ 18 വരെ പ്രായമുള്ള 12 കോടി കുട്ടികളാണ് രാജ്യത്തുള്ളത്.

spot_img

Related Articles

Latest news