തിരുവനന്തപുരം ജില്ലയിൽ ട്രാൻസ്ജെന്റർ വ്യക്തികൾക്കായുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചു. പരിപാടിയുടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യ നീതി വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ 137 ട്രാൻസ്ജെന്റർ വ്യക്തികളാണുള്ളത്. ഇവരിൽ 59 പേർ ആദ്യ ഡോസ് കോവാക്സിൻ സ്വീകരിച്ചു. പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെയും സാമൂഹ്യ സുരക്ഷാ ദൗത്യത്തിലെയും ആരോഗ്യ പ്രവർത്തകർ അടങ്ങുന്ന സംഘമാണു വാക്സിനേഷൻ നൽകുന്നത്.
വാക്സിനേഷന് എത്തിയവർക്കായി മൂന്ന് എൻ-95 മാസ്‌ക്, സാനിറ്റൈസർ എന്നിവ അടങ്ങുന്ന ശുചിത്വ കിറ്റ് നൽകി. പൂജപ്പുര വി.ടി.സി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി ഓഫിസർ എം. ഷൈനിമോൾ, പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ചിത്രാ രവി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.