18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന് ഘട്ടംഘട്ടമായി
തിരുവനന്തപുരം : ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ പോയി വാക്സിനെടുക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അതേസമയം നിലവില്‍ സ്പോട്ട് രജിസ്ട്രേഷന് നടത്തിയവര്‍ക്ക് വാക്സിന് നല്‍കുന്നതിന് സൗകര്യമേര്പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് എടുക്കാനെത്തുന്നവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. വാക്സിന്റെ ലഭ്യത അടിസ്ഥാനമാക്കി വാക്സിനേഷന് സെഷനുകള്‍ ക്രമീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് ഒന്നാം തീയതി മുതല്‍ വാക്സിന് കൊടുക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. ഈ ഗണത്തില്‍ 1.65 കോടി പേര് സംസ്ഥാനത്ത് വരും. അതിനാല്‍ത്തന്നെ വാക്സിന് നല്കുന്നതില് ക്രമീകരണം കൊണ്ടുവരേണ്ടിവരും. അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. രണ്ടോ മൂന്നോ ഘട്ടമായി വാക്സിന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അസുഖമുള്ളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍തന്നെ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.
വാക്സിന് ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പെട്ടെന്നു തന്നെ തീരുമാനം സംസ്ഥാനം പ്രതീക്ഷിക്കുകയാണ്. പക്ഷെ കേന്ദ്രത്തില്‍നിന്ന് കിട്ടുന്നതിനു മാത്രമായി കാത്തുനില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.