കേന്ദ്ര നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധ ക്യാമ്പയിൻ
സംസ്ഥാനങ്ങള്‍ക്കുള്ള കോവിഡ് വാക്സിന്റെ തുക കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ ചലഞ്ചുമായി സോഷ്യല്‍ മീഡിയ. വാക്സിന്‍ നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ നയത്തില്‍ പ്രതിഷേധമായാണ് ക്യാമ്പയിൻ നടക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കില്ല എന്ന കേന്ദ്ര നിലപാടിലും, കേരളത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്ക്കാര് നല്കുന്ന സൗജന്യ വാക്സിന് സ്വീകരിച്ചവര് വാക്സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് പുതിയ ക്യാമ്പയിൻ. കേരളത്തില് നിന്ന് സൗജന്യമായി രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചാല് വരുന്ന തുക 800 രൂപയാണ്. ഈ തുക എല്ലാവര്ക്കും വാക്സിന് എത്തിക്കാനായി സംസ്ഥാന സര്ക്കാരിനെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുകയാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിനോടകം നിരവധി പേര് ഈ ക്യാമ്പയിനിന്റെ ഭാഗമായി. വാക്സിന് ചലഞ്ച് എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില് പ്രചരിക്കുകയാണ്. ഇന്ന് പകല്‍ 1 മണിവരെ 9.48 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്.
ഒരു ഡോസ് കോവിഷീല്‍ഡിന് കേന്ദ്രം നല്കേണ്ടത് 150 രൂപയാണെങ്കില്‍ സംസ്ഥാനം 400 രൂപ നല്‍കണമെന്നതാണ് അവസ്ഥ. സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 600 രൂപയും. വിപണി മത്സരം കടുത്താല്‍ ഇനിയും കൂടും. ഈ സാഹചര്യത്തിലാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് ആവര്‍ത്തിച്ചത്. ഇടക്കിടക്ക് വാക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാനുള്ള ചലഞ്ച് ആരംഭിച്ചത്. വാക്സിന്‍ തുക ബുദ്ധിമുട്ടില്ലാതെ നല്‍കാനുള്ള ജീവിതാവസ്ഥ ഉണ്ടെന്നും, അതുകൊണ്ട് തനിക്കും കുടുംബത്തിനും വാക്സിന്‍ എടുക്കേണ്ട തുകയും സാധിക്കുന്നത്ര ആളുകള്‍ക്ക് വാക്സിന്‍ എടുക്കേണ്ട തുകയും അടുത്ത മാസങ്ങള്‍ കൊണ്ട് സിഎംഡിആര്‍എഫില്‍ അടയ്ക്കുമെന്ന് മാധ്യമപ്രവര്‍ത്തക അനുപമ മോഹന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
വാക്സിന് വിതരണത്തിന്റെ ഉത്തരവാദിത്തത്തില് നിന്ന് പിന്മാറി സ്വകാര്യ കമ്പനികള്ക്കും ആശുപത്രികള്ക്കും ലാഭം ഉണ്ടാക്കാനാണ് കേന്ദ്ര തീരുമാനമെന്നും ക്യാമ്പയിനില് പങ്കെടുത്തവര് ആരോപിക്കുന്നു.