വാക്സിന് ചലഞ്ചിന്റെ ഭാഗമായി ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയത് 50 കോടിയോളം രൂപ. ഇലക്ട്രോണിക് ട്രാന്സാക്ഷന് വഴി മാത്രം 29.43 കോടി രൂപ എത്തി. ഇതിന് പുറമെ ചെക്കായും പണമായും സംഭാവന ഒഴുകുകയാണ്.
കോവിഡിന്റെ ഭാഗമായി മാറ്റിവച്ച ഒരു മാസത്തെ ശമ്പളത്തില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തിരികെ നല്കിയ ആദ്യ ഗഡു, വാക്സിന് ചലഞ്ചിലേക്ക് തിരികെ നല്കി ജീവനക്കാരും അധ്യാപകരും പൊലീസുകാരും മറ്റ് യൂണിഫോം ഫോഴ്സും വാക്സിന് ചലഞ്ച് ഏറ്റെടുത്തു. പണം നല്കാന് ജീവനക്കാര്‍ ഡ്രോയിങ് ഓഫീസര്‍മാര്‍ക്ക് അനുമതി പത്രം നല്കി. ഈ തുകയും എത്തുന്നതോടെ വാക്സിന് ചലഞ്ച് ചരിത്രമാകും.
വാക്സിന് കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടതിന് പിന്നാലെ കേരളത്തില്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ 22ന് സാമൂഹ്യമാധ്യമങ്ങള്‍വഴി ജനങ്ങള്‍ വാക്സിന് ചലഞ്ചിന്റെ പ്രചാരണം ആരംഭിച്ചു.
നിരവധി പേര് സൗജന്യമായി ലഭിച്ച വാക്സിന്റെ വില സിഎംഡിആര്‍എഫിലേക്ക് നല്കി. കുട്ടികളടക്കം വിഷുക്കൈനീട്ടം, സക്കാത്ത്, എല്‍എസ്എസ്, യുഎസ്എസ് സ്കോളര്‍ഷിപ് തുക, സമ്പാദ്യകുടുക്കയിലെ പണം എന്നിവ കൈമാറി. പിന്നാലെ വന്‍വ്യവസായികള്‍ അടക്കം ചലഞ്ചിന്റെ ഭാഗമായി.
തിരുവനന്തപുരം ജില്ലാ ട്രഷറിയും 19 ബാങ്കുകളും വഴി പണം അയക്കാം. ഗൂഗിള്‍ പേ വഴിയും സിഎംഡിആര്‍എഫിലേക്ക് പണം അയക്കാനാകും.