സർക്കാർ കോവിഡ് വാക്സിൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്തിലെ യു.ഡി എഫ് ജനപ്രതിനിധികൾ പ്രകടനവും ധർണ്ണയും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സുഹറാബി , വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി ജനപ്രതിനിധികൾ തെരുവിലിറങ്ങിയത്. ആഴ്ചയിൽ ഒരു ദിവസം പോലും വാക്സിൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. കോവി ഷീൽഡ് ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞ നൂറുക്കണക്കിന് പേർ പഞ്ചായത്തിലുണ്ട്. ഇവർക്ക് അടുത്ത ഡോസ് എന്ന് ലഭിക്കും എന്ന് പോലും പറയാനാവാത്ത സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പോലും സർക്കാറിന് സാധിക്കുന്നില്ല. സ്പോട്ട് രജിസ്ട്രേഷനിലൂടെ കൂടുതൽ വാക്സിൻ നൽകുമെന്നായിരുന്നു ഈയിടെ സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി പഞ്ചായത്ത് പ്രത്യേക വാക്സിൻ കേന്ദ്രം തയ്യാറാക്കുകയും അധിക ജീവനക്കാരെ നിയമിക്കുകയും ചെയ്തതാണ്. എന്നാൽ ഓൺ ലൈൻ സംവിധാനത്തിലും സ്പോട്ട് രജിസ്ട്രഷനിലും വാക്സിൻ ലഭിക്കാത്ത സാഹചര്യമാണുള്ളത്. ലഭ്യമാകുന്ന വാക്സിൻ തദ്ദേശസ്ഥാപനങ്ങൾക്ക് ജനസംഖ്യാനുപാതികമായി ക്രമീകരിക്കുന്നതിനും നടപടിയുണ്ടായിട്ടില്ല. തന്മൂലം കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്തുകളിൽ കുറഞ്ഞ ശതമാനം പേർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. ജനപ്രതിനിധികൾ ആരോപിച്ചു. നിരന്തരമായി ജില്ലാ കലക്ടറെയും മറ്റും സമീപിച്ചിട്ടും പരിഹാരമില്ലാത്തതിനാലാണ് പ്രക്ഷോഭരംഗത്തിറങ്ങിയത് എന്ന് പ്രസിഡണ്ട് പറഞ്ഞു.
ധർണ്ണ യു.ഡി.എഫ് കൺവീനർ സി.എം. സദാശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. അബൂബക്കർ , പി.കെ.ഷറഫുദ്ദീൻ, സുബി ത തോട്ടാഞ്ചേരി, കെ.അബ്ദുറഹിമാൻ സംസാരിച്ചു.