വാക്‌സിന്‍ ക്ഷാമം അതിരൂക്ഷം; കത്തയച്ച്‌ രാജസ്ഥാന്‍

കോവിഡ് രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവശ്യത്തിന് വാക്സിന്‍ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയില്. മഹാരാഷ്ട്ര പല ജില്ലയിലും വാക്സിന്‍ വിതരണം നിര്‍ത്തി. ഒഡിഷയിലും പലയിടത്തും വാക്സിന്‍കേന്ദ്രങ്ങള് അടച്ചു.

അടിയന്തരമായി 30 ലക്ഷം ഡോസ് വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം സംസ്ഥാനങ്ങളുടെ പക്കല്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന്‍മാത്രം.

ഒരാഴ്ചത്തേക്കുകൂടിയുള്ള വാക്സിന്‍ വിതരണ ഘട്ടത്തിലാണെന്നും കേന്ദ്രം അവകാശപ്പെടുന്നു. ആന്ധ്രയില്‍ വാക്സിന്‍ ശേഷിക്കുന്നത് 1.2 ദിവസത്തേക്കുമാത്രം. ബിഹാറില്‍ 1.6 ദിവസത്തേക്കും ഉത്തരാഖണ്ഡില്‍ 2.9 ദിവസത്തേക്കും ഒഡിഷയില്‍ 4.4 ദിവസത്തേക്കുംമാത്രം ശേഷിക്കുന്നു. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങള്ക്ക് നല്കിയത് 11.14 കോടി ഡോസ് വാക്സിന്. ഇതില് 9.16 കോടി ഡോസ് കുത്തിവച്ചു. ശേഷിക്കുന്നത് 1.97 കോടി ഡോസ്. പ്രതിദിനം 36 ലക്ഷം ഡോസ് കുത്തിവയ്ക്കുന്നു.

കേരളത്തില്‍ 13.6 ദിവസത്തേക്ക് വാക്സിന്‍ ശേഖരമുണ്ട്. ഇതിനു പുറമെ 22.8 ദിവസത്തേക്കുള്ള വാക്സിന്‍ ഉടന് എത്തും. എന്നാല്‍, മഹാരാഷ്ട്രയില്‍ 3.8 ദിവസത്തേക്കും യുപിയില്‍ 2.5 ദിവസത്തേക്കും ഒഡിഷയില്‍ 3.2 ദിവസത്തേക്കുമുള്ള വാക്സിന്‍മാത്രം.

ലോകത്തെ പ്രധാന വാക്സിന്‍ ഉല്‍പ്പാദന കേന്ദ്രമായിരുന്ന ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമായതിനു കാരണം കേന്ദ്രനയങ്ങള്‍. പൊതുമേഖലാ വാക്സിന്‍ നിര്‍മാണ ശാലകള്‍ പൂട്ടിയതും കോവിഡ് വാക്സിന് പൂര്‍ണമായും സ്വകാര്യ മേഖലയെ ആശ്രയിച്ചതും ആഭ്യന്തര സ്ഥിതി പരിഗണിക്കാതെ വലിയ തോതില്‍ വാക്സിന്‍ കയറ്റുമതി ചെയ്തതും ക്ഷാമത്തിനിടയാക്കി.

സാര്‍വത്രിക പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പൊതു മേഖലാ സ്ഥാപനങ്ങളെയാണ് 2008 വരെ ഇന്ത്യ ആശ്രയിച്ചത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച്‌ പുറത്തു വന്നതിനു പിന്നാലെയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ പൊതുമേഖലാ വാക്സിന്‍ നിര്‍മാണ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടിയത്.

കസൗലി, കുന്നൂര്‍, മുംബൈ, ചെന്നൈ വാക്സിന്‍ നിര്‍മാണകേന്ദ്രങ്ങളാണ് പൂട്ടിയത്. ചെന്നൈയില്‍ എച്ച്‌എല്‍എല്‍ ബയോടെക്കിന്റേതായി വാക്സിന്‍കേന്ദ്രം ആരംഭിക്കാന്‍ 100 ഏക്കര്‍ 2009ല്‍ ഏറ്റെടുത്തെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോഴും പൊതുമേഖലയോടുള്ള അവഗണന തുടര്‍ന്നു.

കോവിഡ് വാക്സിനായി ലോകമാകെ നെട്ടോട്ടം ആരംഭിച്ചപ്പോള്‍ സ്വകാര്യമേഖലയെ മാത്രമാണ് ഇന്ത്യക്ക് ആശ്രയിക്കാനുണ്ടായത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഇന്ത്യയില്‍ ലഭ്യമായുള്ളത്. നിലവില്‍ രാജ്യത്ത് കുത്തിവച്ചതില് 90 ശതമാനവും കൊവിഷീല്‍ഡാണ്.

ആഭ്യന്തര ആവശ്യത്തിന് കേന്ദ്രത്തിന് നല്‍കിയതിനൊപ്പം കയറ്റുമതിയിലൂടെയുള്ള ലാഭവും സ്വകാര്യ കമ്പനികള്‍ ലക്ഷ്യമിട്ടു. ആഭ്യന്തരമായി 10 കോടി വാക്സിന്‍ നല്‍കിയപ്പോള്‍ കയറ്റുമതി ചെയ്തത് 6.45 കോടി ഡോസ്. ഇവിടെ ക്ഷാമം നേരിട്ടതോടെ കയറ്റുമതിയില്‍ കേന്ദ്രം ഇപ്പോള്‍ നിയന്ത്രണമേര്പ്പെടുത്തി. ഇതില്‍ ക്ഷുഭിതരായ വാക്സിന്‍ നിര്‍മാതാക്കള്‍ കൂടുതല്‍ ഫണ്ട് നല്‍കണമെന്ന ആവശ്യപ്പെട്ടിരിക്കുകയാണ്.

ആവശ്യത്തിന് വാക്സിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കേന്ദ്രം 3000 കോടി രൂപ നല്‍കണമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത്.കോവിഡ് പ്രതിരോധത്തിനായി 35,000 കോടി രൂപ പൊതുബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഇതിലൊരു ചെറിയ ഭാഗം പൊതുമേഖലാ വാക്സിന്‍ കേന്ദ്രങ്ങളുടെ നവീകരണത്തിന് നീക്കി വച്ചിരുന്നെങ്കില്‍ പ്രതിസന്ധി വലിയ പരിധിവരെ ഒഴിവാക്കാമായിരുന്നു.

spot_img

Related Articles

Latest news