സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 2.40 ലക്ഷം ഡോസ് കൊറോണ വാക്‌സിൻ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. കോവീഷീൽഡ് വാക്‌സിനാണ് ഇത്രയധികം കെട്ടിക്കിടക്കുന്നത്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്ത വാക്‌സിനും ഇതിൽ ഉൾപ്പെടുന്നുണ്ട്.
വാക്‌സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ ഇതു വരെ യാതൊരു നടപടിയും എടുത്തിട്ടില്ല. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലായാണ് 2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ ശേഖരമുള്ളത്. പത്ത് ഡോസടങ്ങിയ വാക്‌സിന്റെ ഒരു വയലിന് 6300 രൂപയാണ് വില.
ആറുമാസമാണ് കോവിഷീൽഡ് വാക്‌സിന്റെ കാലാവധി. ഇതിനാൽ ഇവ നശിച്ചുപോകാൻ സാധ്യത കൂടുതലാണ്.കോവാക്‌സിനും ഇത്തരത്തിൽ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സൗജന്യമായും എളുപ്പത്തിലും സർക്കാർ ആശുപത്രികളിൽനിന്ന് വാക്‌സിൻ കിട്ടാൻ തുടങ്ങിയതോടെയാണ് സ്വകാര്യാശുപത്രികളിൽ വാക്‌സിന് ആവശ്യക്കാർ കുറഞ്ഞത്. എന്നാൽ അധികം വന്ന ഡോസ് തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് ലക്ഷക്കണക്കിന് ഡോസ് വാക്സിൻ പാഴായിപോവാൻ വഴിയൊരുക്കിയിരിക്കുകയാണ്.