രോഗം വരാനുള്ള സാധ്യതയെ 70 മുതല്‍ 80 ശതമാനംവരെയും, ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത 95 ശതമാനംവരെയും വാക്സിനുകള്‍ ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണമുണ്ടാകാനുള്ള സാധ്യത ഏറെക്കുറെ വാക്സിനേഷന്‍ പൂര്‍ണമായി ഇല്ലാതാക്കും.
വാക്സിനെടുത്ത ഒരാള്‍ക്ക് കോവിഡ് പിടിപെട്ടാല്‍, വാക്സിനെടുക്കാത്തയാളെ അപേക്ഷിച്ച് മരണസാധ്യത വളരെ കുറവായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.”വാക്സിന്‍ എടുത്തയാളുകള്‍ക്കും രോഗബാധ ഉണ്ടാകുന്നുണ്ടല്ലോ, അതു കൊണ്ട് വാക്സിനേഷന്‍ എടുക്കേണ്ടതുണ്ടോ’ എന്ന സംശയം ചിലരില്‍ ഉണ്ടാകുന്നുണ്ട്. “ബ്രെയ്ക് ത്രൂ ഇന്‍ഫെക്ഷന്‍’ എന്ന ഈ പ്രതിഭാസം കോവിഡ് വാക്സിനുകളുടെ കാര്യത്തില്‍ മാത്രമല്ല, ഏത് വാക്സിനെടുത്താലും അപൂര്‍വം ചിലര്‍ക്ക് രോഗംവരാം.
ഇന്ത്യയില്‍ ഇതുവരെ നടന്ന കോവിഡ് വാക്സിനേഷന്‍ ഐസിഎംആര്‍ പഠനവിധേയമാക്കിയപ്പോള്‍ 10,000ല്‍ നാലുപേര്‍ക്ക് എന്ന നിരക്കില്‍ മാത്രമാണ് രോഗമുണ്ടായതായി കണ്ടെത്തിയത്. ഇതില്‍നിന്ന് വാക്സിന്‍ സുരക്ഷിതമാണെന്ന് മനസ്സിലാക്കാം. അതിനാല്‍ മടികൂടാതെ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണം.
വാക്സിനെടുത്തെന്ന ആത്മവിശ്വാസത്തോടെ ശ്രദ്ധയില്ലാതെ നടന്നാല്‍ രോഗം പിടിപെട്ടേക്കാം. ഗുരുതരമായ രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യത കുറവാണെങ്കിലും രോഗം പകര്‍ത്താന്‍ ഇത്തരക്കാര്‍ക്ക് സാധിക്കും. സമൂഹത്തില്‍ ഭൂരിഭാഗംപേര്‍ക്കും വാക്സിന്‍ ലഭിക്കുന്നതുവരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ജീവിക്കാന്‍ നാം നിര്‍ബന്ധിതരാണ്. ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുവേണം മുന്നോട്ടുപോകാന്‍.
മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നതും നിര്‍ദേശങ്ങള്‍ പാലിക്കാത്തതുമായ വാക്സിന്‍ വിതരണകേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.