ന്യൂഡല്‍ഹി : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൊറോണ വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നും പ്രതിദിനം ഒരു കോടി വാക്സിന് നല്‍കുക എന്നതാണ് ലക്ഷ്യമെന്നും നിതി ആയോഗ് അംഗം ഡോ. വിനോദ് കെ പോള്‍ അറിയിച്ചു. ഇന്ത്യയ്ക്ക് ഉടന്‍ തന്നെ നാല് വാക്സിനുകള്‍ കൂടി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിന് വിതരണം നിര്‍ത്തി എന്ന പ്രചാരണം തെറ്റാണ്. ഒരു ദിവസം ഒരു കോടി വാക്സിന് നല്‍കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ആഴ്ചകള്‍ക്കുള്ളില്‍ അത് സാധ്യമാകുമെന്നും തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിനം 43 ലക്ഷം പേര്‍ക്ക് വാക്സിന് കുത്തിവെപ്പ് നടത്തിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം അത് 73 ലക്ഷമായി ഉയര്‍ത്തുമെന്നും തുടര്‍ന്നും വര്‍ദ്ധിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും വി കെ പോള്‍ വ്യക്തമാക്കി. അത് കൂടാതെ രാജ്യത്ത് നാല് വാക്സിനുകള്‍ക്ക് കൂടി അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വാക്സിന് ഉത്പാദനം കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഉത്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കുത്തിവെപ്പ് നടത്താനാണ് ഇത് നല്‍കുന്നത്.
ബാക്കി 50 ശതമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യമേഖലയ്ക്കും വാക്സിന് വാങ്ങി വിതരണം നടത്താം. പൊതുവിപണിയില്‍ നിന്നും വാങ്ങുന്ന വാക്സിന് ആര്‍ക്കെല്ലാം നല്‍കണമെന്നതിനെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും വി കെ പോള്‍ പറഞ്ഞു.