ന്യുഡല്‍ഹി: കൊവിഡ് തേരോട്ടം രാജ്യത്ത് ശക്തമായി തുടരുകയും നിരവധി ജീവനപഹരിക്കുകയും ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടിലാകുന്നു. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോടടുത്തിരിക്കുകയാണ്.
കടുത്ത വാക്സിന് ക്ഷാമം നേരിടുമ്പോള്‍ ഇതിലേക്ക് നയിച്ച പ്രധാനകാരണം കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയെന്നാണ് ആക്ഷേപം.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ദില്ലി, ഛത്തീസ്ഗഢ്, കര്‍ണാടക, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നീ 12 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
വാക്സിന് ഉത്പാദനത്തിനുള്ള കരാര്‍ നല്‍കുന്നതിന് കാലതാമസം നേരിട്ടു. കമ്പനികളുമായി ദീര്‍ഘകാല കരാറുണ്ടായിരുന്നില്ല.ഇതും ആശയക്കുഴപ്പത്തിനും വാക്സിന് ലഭ്യമാകാതിരിക്കാനും കാരണമായതായാണ് ചൂണ്ടിക്കാട്ടുന്നത്. വാക്സിന് നിര്‍മാണത്തിന് ആവശ്യമായ നിക്ഷേപം നല്കാന് സര്‍ക്കാരിന് കഴിഞ്ഞതുമില്ല. ഇതും ഗുരുതര പ്രശ്നമായി. ഉണ്ടാക്കിയ വാക്സിന് ആദ്യഘട്ടത്തില്‍ സംഭരിച്ച് വയ്ക്കാനുമായില്ല. വാക്സിന് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ കിട്ടാത്തത് വലിയ പ്രതിസന്ധിയായി തുടരുകയാണ്.
അതേസമയം മെയ് – ജൂണ്‍ മാസമാകുമ്പോഴേക്ക് കൊവാക്സിന്റെ ഉത്പാദനം കുത്തനെ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഉത്പാദിപ്പിക്കുന്നതിന്റെ ഇരട്ടി ഡോസ് വാക്സിന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ബംഗളുരുവില്‍ പുതിയ വാക്സീന് നിര്‍മാണകേന്ദ്രം തുടങ്ങുന്നതിന് 65 കോടി രൂപയുടെ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് ഓക്സിജന്‍ സിലിണ്ടറുകള്‍ വഹിച്ചുകൊണ്ടുള്ള ട്രക്കുകള്‍ക്ക് അതിര്‍ത്തികളില്‍ ഇനി നിയന്ത്രണമേര്‍പ്പെടുത്തില്ല. ഓക്സിജന്‍ ഉത്പാദകര്‍ക്ക് വിതരണം രാജ്യമെമ്പാടും നടത്താം, നിയന്ത്രണങ്ങളുണ്ടാകില്ല.