കൊച്ചി: വാക്സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും. അഞ്ച് ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും.
അതേസമയം മിക്ക ജില്ലകളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഇന്ന് കുത്തിവയ്പുണ്ടാകില്ല. രണ്ട് ദിവസമായി കുത്തിവയ്പ് പൂര്‍ണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് വാക്സിന്‍ ലഭിക്കും.
മറ്റ് ജില്ലകളിലേക്കും ആനുപാതികമായി വാക്സിന്‍ എത്തിക്കും. കോവീഷീല്‍ഡിന് പുറമെ കൊവാക്സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.
ഓണത്തിന് മുമ്പ് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കും.
വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.