വടകര വീണ്ടും പുകയുന്നു:രാഷ്ട്രീയ വിവാദം വിട്ടൊഴിയാതെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

കോഴിക്കോട് : തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രാഷ്ട്രീയ വിവാദം വിട്ടൊഴിയാതെ വടകര.വടകരയിൽ ലോകസഭാ തെരഞ്ഞെടുപ്പിനെ മുസ്ലിം ലീഗ് വർഗ്ഗീയ വൽക്കരിക്കാൻ ശ്രമിച്ചെന്ന് കെടി ജലീൽ എംഎൽഎ. വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണെന്നും ആരംഭം തൊട്ടേ സ്ഥാനാർത്ഥിക്ക് ഒരു മതനിറം കൊടുക്കാൻ ലീഗ് പ്രവർത്തകർ ആവേശം കാട്ടിയെന്നും കെടി ജലീൽ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്‍റെ വിമർശനം.

വടകരയിൽ ലീഗ് കളിച്ചത് തീക്കളിയാണ്. ലീഗും കോൺഗ്രസ്സിലെ ഒരുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ജനാധിപത്യ ഉൽസവത്തെ ഒരുതരം “മതോൽസവ”മാക്കി മാറ്റി. മതവികാരം ഇളക്കിവിട്ട് കൃത്രിമമായ ആൾക്കൂട്ടങ്ങളെ സൃഷ്ടിച്ചു. വടകരയിൽ തെരഞ്ഞെടുപ്പ് നടത്തിയത് കമ്മിറ്റികളല്ല. കോടികൾ പ്രതിഫലം പറ്റിയ ഇവൻറ് മാനേജ്മെൻ്റ് ടീമായിരുന്നു.2024-ൽ വടകര പാർലമെൻ്റ് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ്, യു.ഡി.എഫ് മുച്ചൂടും വർഗ്ഗീയവൽക്കരിച്ചു എന്നതിൻ്റെ പേരിലാകും ചരിത്രത്തിൽ ഇടംനേടുക- ജലീൽ തുറന്നടിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ യുഡിഎഫിന്‍റെ പേരിൽ നടന്ന പ്രചാരണങ്ങൾ ഏറ്റെടുത്ത എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജേയും സിപിഎമ്മിനേയും വിമർശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സിപിഎമ്മിന്‍റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പെന്ന് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റവും അദ്‌ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണെന്നും ഫിറോസ് പറഞ്ഞു.

‘ടീച്ചറേ… നിങ്ങളും’ എന്ന് തുടങ്ങുന്നതാണ് ഫിറോസിന്‍റെ കുറിപ്പ്. സിപിഎമ്മിന്റെ യഥാർത്ഥ മുഖമെന്താണെന്ന് ഇനിയും മനസ്സിലാകാത്തവർക്ക് തിരിച്ചറിയാൻ അവസരം നൽകുന്നതാണ് വടകര തെരഞ്ഞെടുപ്പ്. വ്യാജ വീഡിയോ പൊളിഞ്ഞതിന് ശേഷം ഷാഫി പറമ്പിലിന്റെ മതത്തെ ഉയർത്തിക്കാട്ടിയാണ് സിപിഎം വ്യാപക പ്രചരണം നടത്തിയത്. ‘കാഫിറിന്’ വോട്ട് ചെയ്യരുതെന്ന് യുഡിഎഫ് പറഞ്ഞുവെന്ന വ്യാജ സ്ക്രീൻ ഷോട്ടും അതിനായി നിർമ്മിച്ചു. എഴുപത് ശതമാനത്തോളം മുസ്‌ലിംകളല്ലാത്തവർ താമസിക്കുന്ന ഒരു മണ്ഡലത്തിൽ ഇങ്ങിനെയൊരു പ്രചരണം ഏറ്റെടുക്കുന്നതിലെ സിപിഎം താൽപര്യം അരിയാഹാരം കഴിക്കുന്ന ആർക്കും ബോധ്യമാവും- ഫിറോസ് പറഞ്ഞു.

യു.ഡി.എഫിന് അധികാരം കിട്ടിയാൽ കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണിയാണ് കേരളം ഭരിക്കുക എന്ന പ്രചരണം നടത്തിയ മനോനിലയിൽ നിന്ന് ഒരിഞ്ച് മാറ്റവും ഉണ്ടായിട്ടില്ല ഈ പാർട്ടിക്ക്. എന്നാൽ സംഘ്പരിവാർ ആശയത്തെ ഇത്രയും കാലം പ്രതിരോധിച്ച വടകര ആ മനോഗതിയുള്ളവരെയും അതിജീവിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമില്ല. ഏറ്റവും അദ്‌ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്. പൊതുവെ ശൈലജ ടീച്ചറെ കുറിച്ച് പലരും പറയുന്ന ഒരു കാര്യമുണ്ട്. സി.പി.എമ്മാണെങ്കിൽ പോലും അവർ മാന്യയാണെന്ന്. ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടനയാണ്. എതിരാളിയെ ഏത് വിധേനയും നശിപ്പിക്കുക! അതിന്റെ ഒരറ്റത്ത് പിണറായി വിജയനും മറ്റേ അറ്റത്ത് കൊടി സുനിയുമാണ്- ഫിറോസ് വിമർശിക്കുന്നു.

വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ വര്‍ഗീയ ടീച്ചറമ്മയെന്ന് തിരിച്ചടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നു.

കെ കെ ശൈലജ വര്‍ഗീയ ടീച്ചറമ്മയാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെ കെ ശൈലജയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പോസ്റ്റ്. ശൈലജ ഏതാ ശരികല ഏതാ എന്ന് മാനസിലാകുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു.

‘ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ….ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാന്‍ പറ്റാതായി….വര്‍ഗ്ഗീയ ടീച്ചറമ്മ….’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

spot_img

Related Articles

Latest news