കൊച്ചി: മകള്‍ വൈഗയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി കെട്ടുകഥയെന്ന് പൊലീസ്. ഗോവയിലെ തെളിവെടുപ്പില്‍ ആത്മഹത്യ ശ്രമിച്ചതിന് തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. അതേസമയം ആഡംബര ഹോട്ടലിലടക്കം താമസിച്ചതിന്റെ വിവരങ്ങളും ലഭിച്ചു.
സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് മകള്‍ വൈഗയെ കൊലപ്പെടുത്തിയതെന്നും മൂന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമായിരുന്നു സനു മോഹന്‍ പൊലീസിന് നല്‍കിയ മൊഴി. ഗോവയില്‍ വെച്ച് കടലില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ ലൈഫ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഗോവയില്‍ നടത്തിയ തെളിവെടുപ്പില്‍ ആത്മഹത്യാശ്രമത്തിന്റെ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചില്ല.
സനു മോഹന്‍ കളവു പറയുകയാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഗോവയില്‍ എത്തിയ സനു മോഹന്‍ ആഡംബര ഹോട്ടലിലാണ് താമസിച്ചിരുന്നത്. ചൂതാട്ട കേന്ദ്രങ്ങളിലും ബാറുകളിലും പോയി ജീവിതം അടിച്ചുപൊളിക്കുക ആയിരുന്നു.
പല വിവരങ്ങളും സനു മോഹന്‍ മറച്ചുവെക്കുന്നുവെന്ന സംശയവും പൊലീസിനുണ്ട്. വൈഗയെ കൊലപ്പെടുത്താന്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മനോരോഗ വിദഗ്ധനെ കൊണ്ട് ഇയാളുടെ മാനസികനില പരിശോധിക്കുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.
സനു മോഹനനെ ഇന്ന് മൂകാംബികയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലും പിടികൂടിയ കാര്‍വാറിലെ ബീച്ചിലും എത്തിച്ച് തെളിവെടുക്കും. ബംഗളൂരു, ഗോവ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
കൊച്ചിയില്‍ എത്തിച്ച ശേഷം സനു മോഹന്റെ ഭാര്യയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. ഇതോടെ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തത വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.