ചെന്നൈ: സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദേശം.കോയമ്പത്തൂരിലെ വാല്‍പ്പാറയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതിനാണ് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ തമിഴ്നാട് സർക്കാരിന് നിർദേശം നല്‍കിയത്. നവംബര്‍ 1 മുതല്‍ വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം നിലവില്‍ വരും.
ജസ്റ്റിസുമാരായ എൻ സതീഷ് കുമാറും ഡി ഭരത ചക്രവർത്തിയും ഉള്‍പ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാട്ടിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിലും പിന്നാലെയാണ് ഹില്‍ സ്റ്റേഷനായ വാല്‍പ്പാറ റൂട്ടിലേക്ക് പ്രവേശിക്കുന്നതിന് ഇ-പാസ് സംവിധാനം നിർബന്ധമാക്കുന്നത്. അതീവെ ശ്രദ്ധ വേണ്ട പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാല്‍പ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്.
“വാല്‍പ്പാറയിലേക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതിനുള്ള ഇ-പാസ് സംവിധാനം 2025 നവംബർ 1 മുതല്‍ നടപ്പിലാക്കും. പ്രധാന പ്രവേശന, എക്സിറ്റ് പോയിന്റുകളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും” – എന്ന് ബെഞ്ച് വ്യക്തമാക്കി.
തേയിലത്തോട്ടങ്ങള്‍ക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹില്‍ സ്റ്റേഷനാണ് വാല്‍പ്പാറ. അതിനാലാണ് വിനോദസഞ്ചാരികളെയും സന്ദർശകരെയും നിയന്ത്രിക്കാനുള്ള തീരുമാനമുണ്ടായത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുപോകുന്നവരെ നിയന്ത്രിക്കാനും നിർദേശമുണ്ട്.
അമിസി ക്യൂറി ടി മോഹൻ, എം ശാന്തനാരാമൻ, ഷെവനൻ മോഹൻ, രാഹുല്‍ ബാലാജി എന്നിവർ വാല്‍പ്പാറയില്‍ ഈ സംവിധാനം ഏർപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നു. വാല്‍പ്പാറ, ടോപ്പ് സ്ലിപ്പ്, ആനമല ടൈഗർ റിസർവ് എന്നിവ ദുർബലമായ പാരിസ്ഥിതിക മേഖലകളാണെന്നും സംരക്ഷിക്കപ്പെടണമെന്നും ബെഞ്ച് നിരീക്ഷിച്ചു.
നീലഗിരിയിലും കൊടൈക്കനാലിലും ഇ-പാസ് സംവിധാനം കൊണ്ടുവന്നത് മുൻ കോടതി ഉത്തരവുകളെ തുടർന്നാണ്. ഹില്‍ സ്റ്റേഷനുകളിലേക്കുള്ള ഗതാഗത പ്രവാഹം പഠിക്കുന്നതിനും അവയുടെ വഹിക്കാനുള്ള ശേഷി നിർണയിക്കുന്നതിനുള്ള നടപടികള്‍ നിർദേശിക്കുന്നതിനുമായി ഐഐടി മദ്രാസ്, ഐഐഎം – ബാംഗ്ലൂർ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘങ്ങള്‍ എത്തിയിരുന്നു.
ഹില്‍ സ്റ്റേഷനുകളിലെ റോഡുകളുടെ ശേഷി പഠിക്കാൻ ഐഐഎം – ബാംഗ്ലൂരില്‍ നിന്നും ഐഐടി – മദ്രാസില്‍ നിന്നും വിദഗ്ധരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ഡിസംബറില്‍ ലഭ്യമാക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇ-പാസുകള്‍ നല്‍കുന്നതില്‍ നിയന്ത്രണമുണ്ടാകില്ലെന്നും പ്രദേശത്തെ താമസക്കാർക്ക് ഇ-പാസ് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് നിർബന്ധമാക്കിയതു കാരണം ഇപ്പോള്‍ വാല്‍പ്പാറയിലേക്ക് വരുന്നവരുടെ എണ്ണം കൂടുതലാണ്. വാല്‍പ്പാറ ഉള്‍പ്പെടെയുള്ള ഊട്ടി, കൊടൈക്കനാല്‍ മേഖലകള്‍ പരിസ്ഥിതിക്ക് പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. അതിനാല്‍ വാല്‍പ്പാറയിലേക്ക് വരുന്ന എല്ലാ വഴികളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കണം. നവംബർ 1 മുതല്‍ ഇ-പാസ്സുള്ള വാഹനങ്ങള്‍ മാത്രമേ വാല്‍പ്പാറയിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ എന്നും കോടതി പറഞ്ഞു.
കോടതിയുടെ പ്രധാന നിർദേശങ്ങള്‍
* വാല്‍പ്പാറയിലേക്ക് പ്രവേശിക്കാൻ ഇ-പാസ് നിർബന്ധം.
* ഇ-പാസുകള്‍ നല്‍കുന്നതില്‍ നിയന്ത്രണമുണ്ടാകില്ല.
* അവിടെ താമസിക്കുന്ന ആളുകള്‍ക്ക് ഇ-പാസ് ആവശ്യമില്ല.
* വാഹനങ്ങളില്‍ പ്ലാസ്റ്റിക് കൊണ്ടുപോകുന്നത് പരിശോധിക്കും.
നിയമം വരുന്നതോടെ വാല്‍പ്പാറയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം കുറയുമെന്നും, പരിസ്ഥിതി സംരക്ഷിക്കാൻ കഴിയുമെന്നുമാണ് വിലയിരുത്തല്‍.