വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. വളരെ കനത്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. ഇരു വിഭാഗങ്ങളുടേയും വാദങ്ങള്‍ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി.ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാകുമോ എന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ചോദ്യം.
രണ്ടു വര്‍ഷത്തിനു ശേഷമാണ് യുവതി പരാതി നല്‍കിയതെന്നു വേടന് കോടതിയില്‍ പറഞ്ഞു. അതുവരെ പരാതിയില്ല. സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വേടൻ്റെ അഭിഭാഷകൻ കോടതിയില്‍ അറിയിച്ചു. ഇന്‍ഫ്ളുവന്‍സറായതു കൊണ്ട് വേടൻ അന്വേഷണത്തെ സ്വാധീനിക്കുമെന്ന് പരാതിക്കാരിയും ആശങ്ക അറിയിച്ചു. ഞാനൊരു കലാകാരന് മാത്രമാണ്. പരാതിക്കാരിയാണ് മാധ്യമങ്ങളില്‍ നല്‍കുന്നതെന്നും വേടന്റെ അഭിഭാഷകനും വാദിച്ചു. വിഷാദത്തിലായതിനാലാണ് പരാതി നല്കാൻ വൈകിയത് എന്നായിരുന്നു വേടൻ്റെ വാദങ്ങളോടുള്ള അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നുവോ എന്നു കോടതി ചോദിച്ചപ്പോള്‍ വിഷാദ രോഗത്തിലായിരുന്നു എന്നു പറയുന്ന കാലത്തും പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടൻ്റെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ നിയമ പ്രശ്നങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നു അതിജീവിതയുടെ അഭിഭാഷകയോടു കോടതി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്നതും ഫാന്‍സും പൊതുജനങ്ങളും പറയുന്നതും കോടതിയില്‍ പറയരുതെന്നും കോടതി പറഞ്ഞു. വേടനെതിരെ പൊലീസ് പുതിയ എഫ്ഐആർ ഇട്ട കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ കേസില്‍ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റുകയായിരുന്നു.