ഷോറുമില്‍ നിന്ന് വാഹനം ഇറങ്ങുന്നത് നമ്പറുമായി

പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിശോധന ഒഴിവാകുമെന്നതാണ് പ്രധാന നേട്ടം. ഷോറൂമിൽനിന്നു വാഹനം പുറത്തിറങ്ങുമ്പോൾത്തന്നെ സ്ഥിരം രജിസ്ട്രേഷൻ നമ്പർ ലഭിക്കും.

സോഫ്റ്റ് വെയറിൽ ഇതിനാവശ്യമായ മാറ്റംവരുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഉടൻതന്നെ ഈ സൗകര്യം ലഭ്യമാകുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഫാൻസി നമ്പർ ബുക്ക് ചെയ്യുന്നവർക്കും ബോഡി നിർമിക്കേണ്ടവയ്ക്കും മാത്രമാകും താത്കാലിക രജിസ്ട്രേഷൻ നൽകുക. മറ്റെല്ലാ വാഹനങ്ങളും അതിസുരക്ഷാ നമ്പർപ്ലേറ്റോടെയാകും ഷോറൂമുകളിൽനിന്നു പുറത്തിറങ്ങുക.

18 സേവനങ്ങൾക്കാണ് ആധാർ നിർബന്ധമാക്കുക. അപേക്ഷകൻ നേരിട്ട് ഓഫീസിലെത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിൽ ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ (ടെസ്റ്റ് ഒഴികെ) സംസ്ഥാനത്ത് നേരത്തേതന്നെ ഓൺലൈനാക്കിയതാണ്. പ്രകടമായ മാറ്റം വരാൻപോകുന്നത് വാഹന ഉടമസ്ഥാവകാശം മാറ്റുന്നതിലാണ്.

വിൽക്കുന്നയാളിനും വാങ്ങുന്നയാളിനും ആധാർ നിർബന്ധം. പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ ഹാജരാക്കേണ്ട. വാങ്ങുന്നയാളിന് കൈമാറിയാൽ മതി. വസ്തു ഇടപാടിൽ മുൻപ്രമാണങ്ങൾ സൂക്ഷിക്കുന്നതുപോലെ ഇത് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കാം. ഉടമസ്ഥാവകാശ കൈമാറ്റം പൂർണമായി ഓൺലൈനാകും.

വായ്പ പൂർണമായും അടച്ചാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കും. പകരം ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഡിജിറ്റൽ രേഖകളിൽ ഉൾക്കൊള്ളിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ഓഫീസിലെത്തേണ്ട.

ഫിനാൻസ് കുടിശ്ശിക ഇല്ലെന്നതിനുള്ള തെളിവിനായി ഓൺലൈനിൽ പരിശോധിക്കാം. വേണമെങ്കിൽ ആർ.സി. വിവരങ്ങളും ഓൺലൈനിൽ ലഭിക്കും. ചെക്കുപോസ്റ്റുകൾ ഓൺലൈനാക്കാനുള്ള നടപടികളും ഉടൻ ആരംഭിക്കും. 15-ന് പരീക്ഷണ ഉപയോഗം തുടങ്ങും. ഓൺലൈനിൽ പണമടച്ച് പെർമിറ്റ് എടുക്കാം. ചെക്കുപോസ്റ്റുകളിൽ പണമിടപാട് പൂർണമായും ഓൺലൈനാകും.

spot_img

Related Articles

Latest news