വാഹന മലിനീകരണ സര്‍ട്ടിഫിക്കറ്റിന്‍റെ കാലാവധിയില്‍ മാറ്റം വരുത്തി കേന്ദ്രം

ന്യൂ ഡല്‍ഹി: വാഹന മലിനീകരണ സർട്ടിഫിക്കറ്റുകളുടെ (പൊല്യൂഷൻ അണ്ടർ കണ്‍ട്രോള്‍ സർട്ടിഫിക്കറ്റ്-പിയുസി) കാലയളവിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയം.വാഹനങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ച്‌ വാഹന മലിനീകരണ പരിശോധനകള്‍ എത്ര തവണ നടത്തണമെന്നതിലാണ് പുതുക്കിയ നിയമങ്ങളിലൂടെ മാറ്റം വരുത്തിയിരിക്കുന്നത്.

കഴിഞ്ഞ 13ന് വിജ്ഞാപനം ചെയ്ത നിയമങ്ങള്‍പ്രകാരം പുതിയ ബിഎസ്-6 വാഹനങ്ങള്‍ക്കു (ഭാരത് സ്റ്റേജ്-ആറ്) ലഭിക്കുന്ന മലിനീകരണ സർട്ടിഫിക്കറ്റുകള്‍ക്ക് നീണ്ട കാലാവധിയുണ്ടാകും. പഴയ വാഹനങ്ങളാകട്ടെ ഹ്രസ്വമായ നിശ്ചിത ഇടവേളകള്‍ക്കിടയില്‍ മലിനീകരണ പരിശോധന നടത്തിക്കൊണ്ടേയിരിക്കണം.

നേരത്തേ എല്ലാ സ്വകാര്യ ബിഎസ്-6 വാഹനങ്ങള്‍ക്കും 12 മാസം വരെ കാലാവധിയുള്ള മലിനീകരണ സർട്ടിഫിക്കറ്റുകളാണ് ലഭിച്ചിരുന്നത്. പുതിയ നിയമങ്ങള്‍പ്രകാരം ആറു വർഷംവരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങള്‍ മൂന്നു വർഷത്തിലൊരിക്കല്‍ സർട്ടിഫിക്കറ്റ് പുതുക്കിയാല്‍ മതി. ആറു വർഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ളതും എന്നാല്‍ പത്തു വർഷം കവിയാത്തതുമായ വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റിന് 12 മാസം വരെയാണു കാലാവധി. പത്തു വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളാകട്ടെ എല്ലാ ആറു മാസം കൂടുമ്പോഴും മലിനീകരണ സർട്ടിഫിക്കറ്റ് പുതുക്കണം.

പുതിയ നിയമങ്ങള്‍ ബിഎസ്-6 ഗതാഗത വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റുകള്‍ക്കും നീണ്ട കാലാവധി നല്‍കുന്നുണ്ട്. ആറു വർഷം വരെ പഴക്കമുള്ള ബിഎസ്-6 ഗതാഗത വാഹനങ്ങള്‍ രണ്ടു വർഷത്തിലൊരിക്കല്‍ സർട്ടിഫിക്കറ്റ് പുതുക്കിയാല്‍ മതി. ആറു വർഷം മുതല്‍ പത്തു വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ എല്ലാ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം. പത്തു വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഗതാഗത വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാണ്.

അതേസമയം ബിഎസ്-1, ബിഎസ്-2, ബിഎസ്-3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റുകള്‍ക്ക് മൂന്നു മാസത്തെ സാധുതയുണ്ടായിരിക്കും. ബിഎസ്-4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്ക് ആറു മാസത്തെ സാധുതയായിരിക്കും ഉണ്ടാകുക.

പുതിയ നിയമങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിലായെങ്കിലും വാഹന ഉടമകള്‍ ഉടൻതന്നെ പുതിയ സർട്ടിഫിക്കറ്റുകള്‍ എടുക്കേണ്ടതില്ല. പുതിയ വ്യവസ്ഥകള്‍ പുതിയ നിയമങ്ങള്‍ക്കു കീഴില്‍ആദ്യമായി പുതുക്കുമ്പോഴാണ് ബാധകമാകുക. അതുവരെ നിലവിലുള്ള സർട്ടിഫിക്കറ്റുകള്‍ക്ക് സാധുതയുണ്ടാകും. നിയമങ്ങള്‍ പുതുക്കിയെങ്കിലും അവ നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി സ്വയം നീട്ടുകയുമില്ല.

spot_img

Related Articles

Latest news